ന്യൂദൽഹി- ഇന്ത്യ ഒട്ടാകെയും കേരളത്തിൽ പ്രത്യേകിച്ചും കടുവകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ആഗോള കടുവാദിനത്തിന്റെ ഭാഗമായി ദേശീയ പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. 2014-ൽ 1,400 കടുവകളായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. പുതിയ കണക്കുപ്രകാരം 2,977 കടുവകളായി ഉയർന്നു. ഏഴ് മാസം മുമ്പുള്ള കണക്കാണിത്.
കേരളത്തിൽ 190 കടുവകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2006-ൽ കേരളത്തിൽ ആകെ 46 കടുവകൾ മാത്രമാണുണ്ടായിരുന്നത്. 2010-ൽ ഇത് 71 ആയി ഉയർന്നു. 2014-ൽ കടുവകളുടെ എണ്ണം 136 ആയിരുന്നു. ഇതാണ് ഇപ്പോൾ 190 ആയത്. ഇത് 215 വരെ ആയേക്കുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. മുവായിരത്തോളം കടുവകൾ വസിക്കുന്ന ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയതും സുരക്ഷിതവുമായ ആവാസ കേന്ദ്രങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.