ന്യൂദൽഹി- ലോക്‌സഭയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സമാജ് വാദി പാര്‍ട്ടി എം പി അസം ഖാന്‍ മാപ്പ് ഒടുവിൽ പറഞ്ഞു. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് അസംഖാൻ മാപ്പ് പറഞ്ഞത്. കഴിഞ്ഞദിവസം സഭ നിയന്ത്രിച്ചിരുന്ന ബിഹാറില്‍നിന്നുള്ള എം പി രമാദേവിയോടാണ് ലൈംഗികച്ചുവയോടെ ഖാന്‍ സംസാരിച്ചതായാണ് ആരോപണം ഉയർന്നത്. ഇതേ തുടർന്ന് അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ലോക്‌സഭ ഏകകണ്ഠമായി പ്രമേയം പ്രമേയം പാസാക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ഖാന്‍ മാപ്പ് പറഞ്ഞത്. പറഞ്ഞതില്‍ എന്തെങ്കിലും അൺപാർലമെന്ററി ആയിട്ടുണ്ടെങ്കില്‍ പാർലമെന്റിൽനിന്നു രാജി പ്രഖ്യാപിക്കാന്‍ തയാറാണ്. ദീർഘമായ രാഷ്ട്രീയ പാരമ്പര്യമുള്ളതിനാല്‍ മോശമായി സംസാരിക്കാൻ സാധിക്കില്ലെന്നും അസം ഖാൻ പറഞ്ഞു. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അസം ഖാൻ പാർലമെന്റിൽ ബോധിപ്പിച്ചു.
അപമാനിക്കുകയെന്ന ഉദ്ദേശം തനിക്കില്ലായിരുന്നു. അങ്ങനെ അങ്ങനെ ഉണ്ടാവുകയുമില്ല. തന്റെ പ്രസംഗത്തെപ്പറ്റിയും പെരുമാറ്റത്തെ കുറിച്ചും സഭയ്ക്ക് മുഴുവനും അറിയാം. എന്നിട്ടും ഞാന്‍ തെറ്റു ചെയ്തതായി തോന്നുന്നുവെങ്കില്‍ ഞാന്‍ അതിന് മാപ്പ് ചോദിക്കുന്നു.- അസം ഖാന്‍ പറഞ്ഞു. അതേസമയം അസം ഖാന്റെ പരാമര്‍ശം ഇന്ത്യയിലെ സ്ത്രീകളെയും പുരുഷന്മാരെയും വേദനിപ്പിച്ചുവെന്ന് രമാ ദേവി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ കേള്‍ക്കാനല്ല താന്‍ ഇവിടേക്ക് വന്നിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.