ബംഗളുരു- കർണ്ണാടകയിൽ ബി എസ് യെദിയൂരപ്പ വിശ്വാസ വോട്ട് നേടി. ഇതോടെ ഇനി കർണ്ണാടക ബി ജെ പി ഭരിക്കും. രാവിലെ പതിനൊന്നു മണിക്കാണ് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് നിയമസഭയില്‍ യെദിയൂരപ്പ വിശ്വാസം തെളിയിച്ചത്. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ നേരത്തെ തന്നെ ബി.ജെ.പിക്കുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ പ്രതികാരപ്രവർത്തനങ്ങളിൽ താൻ ഏർപ്പെടുന്നില്ലെന്ന് യെദിയൂരപ്പ പറഞ്ഞു. മറക്കണം, ക്ഷമിക്കണം. ജനങ്ങളുടെ ആശീർവാദത്തോടെയാണ് താൻ മുഖ്യമന്ത്രിയായത്. സംസ്ഥാനം കടുത്ത വരൾച്ച നേരിടുകയാണ്. അതിനെ നമുക്കൊരുമിച്ച് മറികടക്കണം. കർഷകർക്കുവേണ്ടി പ്രവർത്തിക്കണം. എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നുവെന്നും യെഡിയൂരപ്പ സഭയില്‍ പറഞ്ഞു.
അതേസമയം, ജനവിധിയുടെ അടിസ്ഥാനത്തിലല്ല യെഡിയൂരപ്പ മുഖ്യമന്ത്രിയായതെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. 2008ൽ നിങ്ങൾക്ക് ജനപിന്തുണയുണ്ടായിരുന്നില്ല. ഇപ്പോഴും. 222 എംഎൽഎമാരുടെ സഭയിൽ ബിജെപിക്ക്112 സീറ്റിന്റെ കേവലഭൂരിപക്ഷം ഉണ്ടായിരുന്നോ. 105 സീറ്റുകൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്. ഇത് ജനവിധിയല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. നേരത്തെ മൂന്ന് എംഎല്‍എമാരെയും ഇന്നലെ 14 എംഎല്‍എമാരെയും സ്പീക്കർ അയോഗ്യരാക്കിയിരുന്നു. ഇതിൽ വിമതരായ നാലുപേര്‍ ബംഗളൂരുവില്‍ തിരിച്ചെത്തി. ബൈരതി ബസവരാജ്, മുനിരത്‌ന, എം.ടി.ബി നാഗരാജ്, എസ്.ടി സോമശേഖര്‍, ശിവറാം ഹെബാര്‍ എന്നിവരാണ് ഇന്നലെ അര്‍ധരാത്രി തിരിച്ചെത്തിയത്.