ന്യൂദല്‍ഹി- മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന എന്‍.ഐ.എ,യു.എ.പി.എ. ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ മുസ്ലിം എം.പിമാര്‍ മാത്രമായതിനെ ഗൗരവത്തോടെ കാണണമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് നേതാവ് അസദുദ്ദീന്‍ ഉവൈസി. ഇങ്ങനെ സംഭവിച്ചതില്‍ അതിയായ നിരാശയുണ്ടെന്നും ഈ പ്രവണത ഗൗരവതരമായ വിഷയമാണെന്നും എല്ലാ പാര്‍ട്ടികളും ഇത് പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ. ഭേദഗതി ബില്ലിനെ ഞാന്‍ ശക്തമായി എതിര്‍ത്തു. മൗലികാവകാശങ്ങളുടെ ലംഘനമായ അതിനെതിരെ ഞാന്‍ വോട്ട് ചെയ്തു. ഈ നിയമത്തിന്റെ പേരില്‍ നിരപരാധികള്‍ കഷ്ടപ്പെടുമ്പോള്‍ ഫിദല്‍ കാസ്‌ട്രോ പറഞ്ഞതുപോലെ ചരിത്രം എനിക്ക് മാപ്പുനല്‍കുമെന്നും ഉവൈസി പറഞ്ഞു.
യു.എ.പി.എ. നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്നും അവര്‍ മാത്രമാണ് ഈ നിയമത്തിന് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ബി.ജെ.പി.യെപ്പോലെ പെരുമാറും. എന്നാല്‍ അധികാരം നഷ്ടപ്പെടുമ്പോള്‍ അവര്‍ മുസ്ലിംകളുടെ ബിഗ് ബ്രദറാകും- ലോക്‌സഭയില്‍ നടത്തിയ ആരോപണം ഉവൈസി ആവര്‍ത്തിച്ചു.
ലോക്‌സഭയില്‍ വോട്ടിനിട്ട യു.എ.പി.എ. ഭേദഗതി ബില്‍ എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് പാസായത്. അസദുദ്ദീന്‍ ഉവൈസി, മറ്റൊരു എ.ഐ.എം.ഐ.എം എം.പി. ഇംതിയാസ് ജലീല്‍. ബി.എസ്.പി. എം.പി. ഹാജി ഫസ് ലു റഹ്മാന്‍, മുസ്ലീം ലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, നവാസ് ഖനി, നാഷണല്‍ കോണ്‍ഫറന്‍സ് എം.പി. ഹസ്‌നൈന്‍ മസൂദി, എ.യു.ഡി.എഫ്. എം.പി. ബദറുദ്ദീന്‍ അജ്മല്‍ എന്നിവരാണ് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്.
കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.