ന്യൂദല്‍ഹി- ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി.ജെ.പിയുമായി ബന്ധപ്പെടുത്തരുതെന്നും ബംഗാളിലും കേരളത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ഹരിയാന സിര്‍സയില്‍നിന്നുള്ള ബി.ജെ.പി എം.പി സുനിതാ ദുഗ്ഗല്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പശ്ചിമ ബെംഗാളിലും കേരളത്തിലും സംഭവിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബി.ജെ.പിയല്ല- സുനിത പറഞ്ഞു.
ലോക്‌സഭയില്‍ വനിതാ എം.പിമാര്‍ വര്‍ധിക്കാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുമാണ് ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് പ്രചോദനമായതെന്നും സുനിത പറഞ്ഞു.
ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥയായിരുന്ന സുനിത സ്വയം വിരമിക്കലിനു ശേഷം 2014-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
നിരവധി വനിതകളാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് കാരണം പ്രധാനമന്ത്രി മോഡിയും ബി.ജെ.പിയുമാണ്. അവര്‍ ഒരുപാട് വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കി. ലോക്‌സഭയിലെ 78 വനിതകളില്‍ 41 പേരും ബി.ജെ.പിയില്‍നിന്നാണെന്നും ഹരിയാണയില്‍നിന്നുള്ള ഏക വനിതാ എം.പിയായ സുനിത ദുഗ്ഗല്‍ പറഞ്ഞു.