മുംബൈ- മറ്റു പാർട്ടികളിൽനിന്നുള്ളവരെ അടർത്തിക്കൊണ്ടുവരാൻ ബി.ജെ.പി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് ബി.ജെ.പി ഇത്തരത്തിൽ നെറികേട് കാണിക്കുന്നതെന്നും പവാർ ആരോപിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മഹാരാഷ്ട്രയിൽ എൻ.സി.പിയിൽനിന്ന് നിരവധി നേതാക്കളാണ് ബി.ജെ.പിയിലേക്ക് ചേരുന്നത്. ഇന്ന് എൻ.സി.പി എം.എൽ.എ മധുകർ പിച്ചാഡ് ബി.ജെ.പിയിൽ ചേർന്നിരുന്നു. രാജ്യം മുഴുവൻ ബി.ജെ.പി ഇത്തരത്തിൽ അധികാരം ദുർവിനിയോഗം ചെയ്യുകയാണ്. കർണാടകയിൽ ഇതാണ് സംഭവിച്ചത്. മധ്യപ്രദേശിലും കോൺഗ്രസ് സർക്കാറിനെ മറിച്ചിടാൻ നോക്കുന്നു. ഇത്തരത്തിൽ ഒരു പാർട്ടി ചെയ്യുന്നത് ഒരിക്കലും കണ്ടിട്ടില്ലെന്നും ശരദ് പവാർ വ്യക്തമാക്കി.