കോയമ്പത്തൂർ- ഇറച്ചി സൂപ്പ് ഭക്ഷിക്കുന്ന ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചതിന് സംഘപരിവാർ ആക്രമിച്ച യുവാവിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച ആക്ടിവിസ്റ്റിനെ അറസ്റ്റു ചെയ്തു. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച് ദ്രാവിഡർ വിടുതലൈ കഴകം (ഡി.വി.കെ) പ്രവർത്തകൻ രത്‌നാപുരി സ്വദേശി നിർമൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചിരുന്നു. യുവാവിന് പിന്തുണയർപ്പിച്ചും യുവാവിനെ ആക്രമിച്ച ഹിന്ദു മക്കൾ കച്ചി പ്രസിഡന്റ് അർജുൻ സമ്പത്തിനെ വെല്ലുവിളിച്ചുമാണ് നിർമൽ കുമാർ ഫെയ്‌സ്ബുക്കിൽ രംഗത്തെത്തി.
'ഞാൻ നിങ്ങളുടെ നഗരമായ കോയമ്പത്തൂരിലാണുള്ളത്. ബീഫ് കഴിക്കുന്ന ചിത്രം ഞാനും പോസ്റ്റ് ചെയ്യുകയാണ്. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ വാ. ബീഫ് കഴിക്കുന്നവരെ നിങ്ങൾ കൊല്ലുമോ? ഹിന്ദുമതഭ്രാന്താ' എന്നായിരുന്നു നിർമൽ കുമാറിന്റെ പോസ്റ്റ്.
പോസ്റ്റ് മതവിദ്വേഷം വളർത്താൻ ശ്രമിക്കുന്നതാണെന്ന് കാണിച്ച് ഒരാൾ കാട്ടൂർ പോലിസിൽ നിർമലിനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഐ.പി.സി 505 പ്രകാരം നിർമലിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നിർമലിനെ ഓഗസ്റ്റ് ഒൻപതു വരെ റിമാൻഡ് ചെയ്തു. ജൂലൈ 21ന് ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത യുവാവിനെ അർജുൻ സമ്പത്തും സംഘവും നാഗപട്ടണത്ത് വച്ച് ആക്രമിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ ഡിസ്ചാർജ് ചെയ്തയുടൻ സമാധാനം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് പുതിയ സംഭവമുണ്ടായത്.