Sorry, you need to enable JavaScript to visit this website.

മുതിർന്ന കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്- മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്. ജയ്പാൽ റെഡ്ഡി (77) അന്തരിച്ചു.  ഞായറാഴ്ച പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന റെഡ്‌ഡി  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. 

1942 ജനുവരി 16 നാണു ജനനം. തെലങ്കാനയിലെ ചെവല പാര്‍ലിമെന്റിനെ പ്രതനിധീകരിച്ച് 15ാം ലോക്‌സഭയില്‍ അംഗമായിരുന്ന ഇദ്ദേഹം 2014 ല്‍ മിര്‍യാല്‍ഗുഡ മണ്ഡലത്തില്‍ നിന്നാണ് പാർലമെന്റിൽ എത്തിയത്. 2012 ഒക്ടോബര്‍ 29 മുതല്‍ 2014 മെയ് വരെ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. 1990 മുതൽ 96 വരെയും 1997 മുതൽ 1998 വരെയും രാജ്യസഭാംഗമായും പ്രവർത്തിച്ചു.

ഐ.കെ. ഗുജ്റാൾ മന്ത്രിസഭയിലും ഒന്നാം, രണ്ടാം യു.പി.എ. സർക്കാരുകളിലും കേന്ദ്രമന്ത്രിയായിരുന്ന ഇദ്ദേഹം  വാർത്തവിതരണം, പെട്രോളിയം, ശാസ്ത്രസാങ്കേതികം, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1998ല്‍ ഐ കെ ഗുജാറാള്‍ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായിരുന്നു. ആദ്യകാലത്ത് കോൺഗ്രസ് അംഗമായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ജനതാ പാർട്ടിയിൽ ചേർന്നു. 21 വര്‍ഷത്തിനു ശേഷമാണ് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. 

      തെലങ്കാനയിലെ നൽഗോണ്ടയിൽ ജനിച്ച എസ്. ജയ്പാൽ റെഡ്ഡി ഉസ്മാനിയ സർവകലാശാലയിലെ വിദ്യാർഥി നേതാവായാണ് രാഷ്ട്രീയത്തിലെത്തിയത്. നാലുതവണ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ ഇന്ദിരാഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.1985 മുതൽ 1988 വരെ ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീടാണ് വീണ്ടും കോൺഗ്രസിലെത്തിയത്. ആകെ അഞ്ചുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  1998ല്‍ മികച്ച പാര്‍ലമെന്റംഗത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

Latest News