Sorry, you need to enable JavaScript to visit this website.

പൊതുമാപ്പിന്  ശേഷം സൗദിയില്‍നിന്ന് ഒമ്പത് ലക്ഷം പേരെ നാടുകടത്തി

റിയാദ് - ഇരുപതു മാസത്തിനിടെ ഒമ്പതു ലക്ഷത്തോളം നിയമലംഘകരെ സൗദിയിൽനിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തടവും പിഴയും പ്രവേശന വിലക്കുമില്ലാതെ ഇഖാമ, തൊഴിൽ നിയമലംഘകർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബർ 14 ന് അവസാനിച്ചതിനെ തുടർന്ന് 2017 നവംബർ 15 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലത്ത്  8,86,046 പേരെയാണ് നാടുകടത്തിയത്. ഇക്കാലയളവിൽ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ ആകെ 35,71,781 ഇഖാമ, തൊഴിൽ നിയമലംഘകർ പിടിയിലായി. ഇക്കൂട്ടത്തിൽ 27,85,903 പേർ ഇഖാമ നിയമലംഘകരും 5,51,238 പേർ തൊഴിൽ നിയമ ലംഘകരും 2,34,640 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. 
അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 60,450 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. 47 ശതമാനം പേർ യെമനികളും 50 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച 2624 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. 
ഇഖാമ, തൊഴിൽ നിയമലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തുകൊടുത്തതിന് 4041 വിദേശികളെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ചു. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകർക്ക് സഹായം ചെയ്തുകൊടുക്കുന്നവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1410 സൗദികളും പിടിയിലായി. 1380 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. അവശേഷിക്കുന്ന 30 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. 
നിലവിൽ 13,449 നിയമലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേരയാക്കിവരികയാണ്. ഇക്കൂട്ടത്തിൽ 11,727 പേർ പുരുഷന്മാരും 1722 പേർ വനിതകളുമാണ്. ഇരുപതു മാസത്തിനിടെ 5,05,124 പേർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 4,58,631 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 5,88,622 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

 

Latest News