Sorry, you need to enable JavaScript to visit this website.

ഫാറൂഖ് ലുഖ്മാന് പ്രിയപ്പെട്ടവരുടെ വിട

ജിദ്ദ- മലയാളം ന്യൂസ് സ്ഥാപക പത്രാധിപര്‍ ഫാറൂഖ് ലുഖ്മാന് വികാര നിര്‍ഭരമായ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ  ജിദ്ദയില്‍ മരിച്ച ലുഖ്മാന്റെ മൃതദേഹം ബന്ധുക്കളും സൗദി പൗരപ്രമുഖരും സുഹൃത്തുക്കളുമടങ്ങുന്ന ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകിട്ട് ഏഴരയോടെ റുവൈസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
മലയാളി സമൂഹത്തെയും വിവിധ സംഘടനകളെയും പ്രതിനിധീകരിച്ച് നേതാക്കളടക്കം നിരവധി പേര്‍ മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്കത്തിലും പങ്കാളികളായി.
മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരീഖ് മിശ്ഖസ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന, ഫാറൂഖ് ലുഖ്മാന്റെ മക്കളായ ദാഫര്‍ ലുഖ്മാന്‍, അബ്ദുല്ല, മാഹിര്‍ ലുഖ്മാന്‍ തുടങ്ങിയവരും സഹോദരനും മറ്റു ബന്ധുക്കളും ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു. മലയാളം ന്യൂസ് സ്റ്റാഫിനു പുറമെ സൗദി റിസര്‍ച്ച് ആന്റ് പബ്ലിഷിംഗ് കമ്പനിക്കു കീഴിലെ മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരും എത്തിയിരുന്നു.
അന്തരിച്ച പ്രിയ പത്രാധിപരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ നൂറുകണക്കിനു മലയാളം ന്യൂസ് വായനക്കാരാണ് ഓഫീസില്‍ വിളിച്ചു അനുശോചനം അറിയിച്ചത്. വിവിധ സംഘടനകള്‍ യോഗം ചേര്‍ന്നും അനുശോചനം രേഖപ്പെടുത്തി. മലയാളി സംഘടനകളുടെ നിരവധി വേദികളില്‍ പ്രത്യക്ഷപ്പെട്ട് ആയിരങ്ങളെ ആകര്‍ഷിച്ചിട്ടുള്ള ലുഖ്മാന്റെ സംസാര ശൈലിയിലും  ഇടപെടലുകളിലും ആകൃഷ്ടരായവര്‍ ആ  സ്മരണകള്‍ സമൂഹ മാധ്യമങ്ങളില്‍ എഴുതിയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും പങ്കുവെച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള മലയാളി സമൂഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു ഫാറൂഖ് ലുഖ്മാന്‍. അദ്ദേഹത്തിന്റ മരണ വാര്‍ത്ത പലര്‍ക്കും അവിശ്വസനീയമായിരുന്നു. മലയാളം ന്യൂസില്‍നിന്ന് വിരമിച്ച ശേഷവും മലയാളി സമൂഹവുമായി ഇടപഴകാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ പത്രാധിപരല്ലാതിരുന്നിട്ടും മലയാളികള്‍ അദ്ദേഹത്തെ കാണുന്നതിനും കുശലാന്വേഷണം നടത്തുന്നതിനും ഇഷ്ടപ്പെട്ടിരുന്നു. ഖബറടക്കത്തില്‍ പങ്കെടുക്കാനെത്തിയ മലയാളികള്‍ ആ ഓര്‍മകള്‍ പങ്കുവെച്ചും അദ്ദേഹത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുമാണ് മടങ്ങിയത്.   

 

Latest News