മുംബൈ- കനത്ത മഴയിൽ മുങ്ങിയ മുംബൈയിൽ വ്യോമ, കര ഗതാഗതത്തെ പൂർണ്ണമായും ബാധിച്ചു. നിരവധി വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. കാഴ്ച കുറഞ്ഞതിനെ തുടർന്ന് പതിനേഴു വിമാനങ്ങളാണ് വിവിധ വിമാനത്താവളങ്ങളിൽ ഇറക്കിയത്. നിരവധി വിമാനങ്ങൾ മണിക്കൂറോളം വൈകിയാണ് സർവ്വീസ് നടത്തുന്നതെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിലെ ആഭ്യന്തര പുറപ്പെടല്‍ ഗേറ്റിനടുത്തും വെളളം കയറി. വൈകുന്നേരത്തോടെ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വെളളക്കെട്ട് രൂപപ്പെട്ടതോടെ നഗരം നിശ്ചലമായ അവസ്ഥയിലാണ്. അതി ശക്തമായ മഴയിൽ നഗരത്തിലെ റോഡ് ഗതാഗതം താറുമാറായി. ശക്തമായ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളായ സയണ്‍, കുര്‍ള, ദാദര്‍ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപെട്ടത് റോഡ് ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിൽ ഗതാഗതം രൂക്ഷമായത് വിമാനത്താവള യാത്രക്കാരെയാണ് കൂടുതലായും ബാധിച്ചത്. മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന് പുറത്തെ റോഡ്
കനത്ത മഴയെ തുടര്‍ന്നുണ്ടായ കുറഞ്ഞ ദൃശ്യതയെ തുടര്‍ന്ന് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും അപകടമുണ്ടായി. സാധാരണ ദിവസങ്ങളില്‍ വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങാറുണ്ടെങ്കിലും വെളളക്കെട്ട് രൂപപ്പെട്ടതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. മുംബൈ പ്രാന്തപ്രദേശങ്ങള്‍, ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്‍വി റോഡ്, വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളില്‍ വെളളക്കെട്ടുണ്ടായി. കൂടാതെ, മുംബൈയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.