തിരുവനന്തപുരം - യൂനിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോളേജിനുള്ളിൽ ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എസ്.എഫ്.ഐയുടെ ഭീഷണി.
ഒരു എഎസ്.ഐയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇവിടെ ജോലി നോക്കുന്നത്. ഇവർ കോളേജിനകത്തെ ഓഡിറ്റോറിയത്തിന് സമീപമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇവരെയാണ് കോളേജിലെ എസ്.എഫ്.ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയത്. എത്രയും പെട്ടെന്ന് കോളേജിൽനിന്ന് പുറത്തു പോകണമെന്നാണ് ഇവരോട് എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണി. കോളേജിലെ വിദ്യാർഥിനികളെ പോലീസ് ശല്യം ചെയ്തു എന്ന് പറഞ്ഞാണ് എസ്.എഫ്.ഐക്കാർ ഭീഷണി മുഴക്കിയത്. എന്നാൽ പോലീസ് ഇത് നിഷേധിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ഡ്യൂട്ടി നോക്കിയിരുന്ന പോലീസുകാരെ എസ്.എഫ്.ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. കോളേജിലെ ഈ ഓഡിറ്റോറിയവും ഇതിന് പിറകിലെ റൂമുമാണ് എസ്.എഫ്.ഐ യൂനിയൻ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. ഇവിടെയായിരുന്നു എസ്.എഫ്.ഐയുടെ ഇടിമുറിയും. എസ്എഫ്ഐയുടെ നേതാക്കൾ തമ്പടിക്കുന്നതും ഇവിടെയാണ്.
വിദ്യാർഥിക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഓഡിറ്റോറിയത്തിന് പിറകിലെ യൂനിയൻ റൂം പരിശോധിച്ചപ്പോഴാണ് കത്തിയും ഇരുമ്പുദണ്ഡുകളും ഉൾപ്പെടെയുള്ളവ കണ്ടെടുത്തത്. ഇപ്പോൾ ഇവിടെ പോലീസ് ക്യാമ്പ് ചെയ്യുന്നതിതാൽ എസ്.എഫ്.ഐയ്ക്ക് ഓഡിറ്റോറിയം കയ്യടക്കാൻ സാധിക്കുന്നില്ല. ഇതാണ് പോലീസിനെതിരെ തിരിയാൻ കാരണമെന്നാണ് ആരോപണം.