Sorry, you need to enable JavaScript to visit this website.

അസംഖാനെതിരെ വനിതകള്‍ ഒറ്റക്കെട്ട്; വിരല്‍ ചൂണ്ടി സ്മൃതി, രോഷം പൂണ്ട് നിര്‍മല

ന്യൂദല്‍ഹി- സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍  ചെയറിലുണ്ടായിരുന്ന ബി.ജെ.പി നേതാവ് രമാദേവിക്കെതിരെ അര്‍ഥം വെച്ച് സംസാരിച്ചുവെന്ന ആരോപണമുയര്‍ത്തി രണ്ടാം ദിവസവും ലോക്‌സഭയില്‍ പ്രതിഷേധം.   
വിഷയത്തില്‍ സംസാരിക്കാന്‍ എഴുന്നേറ്റ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്്ജന്‍ ചൗധരി സമാജ് വാദി പാര്‍ട്ടിയെ കടന്നാക്രമിക്കാതെയാണ് പറഞ്ഞു തുടങ്ങിയത്. ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരേയും ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ വിഷയം കൈവിട്ടു പോയി. സോണിയാ ഗാന്ധിയെ ഇറ്റലിക്കാരി എന്നു വിളിച്ച് ആക്ഷേപിച്ചിട്ടുണ്ടെന്നാണ് അധീര്‍ രഞ്ജന്‍ പറഞ്ഞത്. ഇതു കേട്ടതും ഭരണപക്ഷ നിരയില്‍ നിന്ന് ചാടിയെഴുന്നേറ്റു വിരല്‍ ചൂണ്ടിയ സ്മൃതി ഇറാനി തമാശ പറയരുതെന്നും നിലവിലെ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ആക്രോശിച്ചു.
അതിനിടെ,വിഷയത്തില്‍ ഇടപെട്ടു സംസാരിച്ച ആള്‍ ഇന്ത്യ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി അസംഖാന്റെ വാക്കുകളെ അപലപിച്ചു. എന്നാല്‍ മീ ടുവില്‍ കുടുങ്ങി കേന്ദ്ര മന്ത്രി എം.ജെ അക്ബറിന്റെ രാജിക്ക് ശേഷം ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതി എവിടെ എന്നു ചോദിച്ചത് ബി.ജെ.പി നിരയില്‍ നിന്നുള്ള പ്രതിഷേധത്തിനിടയാക്കി.
അസംഖാനെതിരേ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി മന്ത്രിമാരും എംപിമാരും സംസാരിക്കുന്നതിനിടെ പലതവണ അധീര്‍ രഞ്ജന്‍ വിശദീകരണവുമായി എഴുന്നേറ്റെങ്കിലും ഭരണപക്ഷ പ്രതിരോധത്തില്‍ പെട്ട് സംസാരിക്കാനാകാതെ ഇരിക്കേണ്ടി വന്നു. മൂന്നാം തവണയും വിശദീകരിക്കാനുള്ള ശ്രമം ബിജെപിയുടെ പ്രതിരോധത്തില്‍ കലാശിച്ചതോടെ കോണ്‍ഗ്രസിന്റെ ശ്രമം വിഫലമായി.
അതിനിടെ പ്രതിപക്ഷ നിരയില്‍നിന്ന് കനിമൊഴിയും സുപ്രിയ സുലേയും ഉള്‍പ്പെടെ ഉള്ള വനിത എം.പിമാര്‍ കൂടി അസംഖാനെതിരേ നടപടി ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് ഒറ്റപ്പെട്ട അവസ്ഥയിലായി.
ഇതോടെ കോണ്‍ഗ്രസ് എം.പിമാര്‍ ആ സമയം സഭയില്‍ ഉണ്ടായിരുന്ന ഏക വനിത എം.പി മഹന്ത് ജ്യോത്സന ചന്ദ്രദാസിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു എങ്കിലും അവര്‍ കൂട്ടാക്കിയില്ല.
അതിനിടെ ഭരണപക്ഷ നിരയില്‍ നിന്നു സംസാരിക്കാന്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനോട് മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. സ്പീക്കറുടെ കസേരയിലിരുന്ന ഒരു വനിതയോടാണ് അസംഖാന്‍ മോശം പരാമര്‍ശം നടത്തിയതെന്നും കര്‍ശന നടപടി വേണമെന്നും നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. അതിനിടെ നിര്‍മലയുടെ പരാമര്‍ശങ്ങളില്‍ പിടിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ ശബ്ദം ഉയര്‍ത്തി പ്രതിഷേധിച്ചതോടെ മന്ത്രിയും അത്യധികം ദേഷ്യത്തോടെ തന്റെ വാക്കുകള്‍ കേട്ടിരിക്കണമെന്നും പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞു. ബഹളം രൂക്ഷമായോതോടെ എല്ലാ രാഷ്ട്രീയ കക്ഷികളുമായും കൂടിയാലോചിച്ച് നടപടി എടുക്കാമെന്നു പറഞ്ഞ സ്പീക്കര്‍ ഉച്ചയൂണിനായി സഭ പിരിച്ചുവിട്ടു.
എന്‍.സി,പി നേതാവ് സുപ്രിയ സുലേ, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മിമി ചക്രവര്‍ത്തി, കല്യാണ്‍ ബാനര്‍ജി, ബിജെഡി നേതാവ് ഭര്‍തൃഹരി മെഹ്താബ്, ഡിഎംകെ എംപി കനിമൊഴി, അപ്‌നാ ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, മന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്‌വാള്‍, ബബുല്‍ സുപ്രിയോ തുടങ്ങിയവരും അസംഖാനെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു.

 

 

Latest News