Sorry, you need to enable JavaScript to visit this website.

മഹാരാജാസിനെ യൂനിവേഴ്‌സിറ്റി കോളേജാക്കി  മാറ്റാൻ ശ്രമമെന്ന് ഫ്രറ്റേണിറ്റി 

കൊച്ചി- മഹാരാജാസ് കോളേജിനെ മറ്റൊരു യൂനിവേഴ്സിറ്റി കോളേജാക്കി മാറ്റാനുള്ള എസ്.എഫ്.ഐ. ശ്രമങ്ങൾക്കെതിരെ സാമൂഹിക ജാഗ്രത വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. 
യൂനിയൻ ഓഫീസുകളെ തങ്ങളുടെ പാർട്ടി ഓഫീസുകളായി കൈയടക്കി വയ്ക്കുകയും, കാമ്പസ് അതിക്രമങ്ങളുടെ കേന്ദ്രമാക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ സംസ്‌കാരം തന്നെയാണ് മഹാരാജാസിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 
യൂനിയന്റെ പ്രവർത്തന കാലാവധി അവസാനിപ്പിച്ചതിനെ തുടർന്ന് യൂനിയൻ ഓഫീസ് പ്രിൻസിപ്പൽ അടച്ചു പൂട്ടിയിരുന്നു. എന്നാൽ പുറത്തു നിന്നുള്ള എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ പൂട്ട് പൊളിച്ച് പ്രവർത്തകർ അതിക്രമിച്ചു കടക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർക്കെതിരെ എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് അർഹം ഷാ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ക്രൂരമായി മർദിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകർ പെൺകുട്ടികളെ മർദിച്ചുവെന്ന് കള്ളക്കേസ് കൊടുത്തു. എന്നാൽ സംഘർഷം സംബന്ധിച്ച വീഡിയോ കണ്ടാൽ സത്യം വ്യക്തമാകുമെന്നും ഭാരവാഹികൾ പറഞ്ഞു. 
എസ്.എഫ്.ഐ. പ്രവർത്തകർ യൂനിയൻ ഓഫീസിനകത്ത് ആയുധങ്ങൾ സൂക്ഷിക്കുകയും, വിദ്യാർഥികളെ ഇതിനകത്തിട്ട് മർദിക്കുകയും ചെയ്തു. മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങളുടെ കൊടിമരം ക്യാമ്പസിനകത്ത് സ്ഥാപിക്കാൻ അനുവദിക്കുന്നില്ല. റാഗിംഗിനെതിരെ പ്രതികരിച്ചവരെയടക്കം മർദിക്കുന്നുവെന്നും കുറ്റപ്പെടുത്തി. കാമ്പസിൽ ജനാധിപത്യ അന്തരീക്ഷം ഉറപ്പുവരുത്താനുള്ള പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം സ്വാഗതാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുഫീദ്, മഹാരാജാസ് യൂണിറ്റ് സെക്രട്ടറി നിഹാദ്, വൈസ് പ്രസിഡന്റ് ലിൻത സലീം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 


 

Latest News