റിയാദ് - ഇന്ത്യയിൽ എണ്ണ സംസ്കരണം, പെട്രോകെമിക്കൽസ്, എണ്ണ സംഭരണം, പശ്ചാത്തല സൗകര്യ വികസനം എന്നീ മേഖലകളിൽ ഇന്ത്യയും സൗദി അറേബ്യയും സഹകരണം ശക്തമാക്കും. സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹും ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ന്യൂദൽഹിയിൽ നടത്തിയ ചർച്ചകളിൽ ഇതിനുള്ള സാധ്യതകൾ ആരാഞ്ഞു. ഇന്ത്യയിൽ പെട്രോളിയം കരുതൽ ശേഖരം സ്ഥാപിക്കുന്നതിന് സൗദിയെ ഇന്ത്യ ക്ഷണിച്ചു.
ഹുർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര സമുദ്ര ഗതാഗതം നേരിടുന്ന ഭീഷണികളും ആഗോള കപ്പൽ ഗതാഗതത്തെയും ഊർജ സുരക്ഷയെയും ഇത് പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചും യോഗം വിശകലനം ചെയ്തു. ഹുർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന ശത്രുതാപരമായ പ്രവർത്തനങ്ങൾ ചെറുക്കേണ്ടതിന് അന്താരാഷ്ട്ര സമൂഹം ശക്തമായും ഒറ്റക്കെട്ടായും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സൗദി, ഇന്ത്യൻ മന്ത്രിമാർ ചർച്ച ചെയ്തു.
ആഗോള എണ്ണ വിപണിയിലെ സ്ഥിതിഗതികൾ, എണ്ണ വിപണിയിൽ സന്തുലനമുണ്ടാക്കുന്നതിൽ സൗദി അറേബ്യക്കുള്ള മുൻനിര പങ്ക്, ഉൽപാദനം വെട്ടിക്കുറക്കുന്നതിന് പെട്രോൾ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള ഉൽപാദകരും തമ്മിലുണ്ടാക്കിയ കരാർ എന്നിവയെക്കുറിച്ചും ഇരു വിഭാഗവും ചർച്ച ചെയ്തു.
ആഗോള വിപണിയിൽ എണ്ണ വിലയിടിവ് തടയുന്നതിനായി ഉൽപാദനം കുറക്കാനുള്ള കരാർ വിപണിയിൽ ഭദ്രതയുണ്ടാക്കുന്നതിനും എണ്ണ വ്യവസായ മേഖലയിലേക്ക് നിക്ഷേപങ്ങൾ ആകർ
ഷിക്കുന്നതിനും സഹായിക്കുമെന്നും
ഇത് ഉൽപാദകർക്കും ഉപഭോക്തൃ രാജ്യങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും സൗദി ഊർജ, വ്യവസായ മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ പ്രതിദിനം 12 ലക്ഷം ബാരൽ ശേഷിയുള്ള റിഫൈനറി നിർമിക്കുന്നതിന് സൗദി അറാംകോയും യു.എ.ഇയിലെ ദേശീയ എണ്ണ കമ്പനിയായ അഡ്നോകും ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുമായി കഴിഞ്ഞ വർഷം ധാരണയിലെത്തിയിരുന്നു. എന്നാൽ പദ്ധതിക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിനെ കർഷകർ എതിർത്തതോടെ റിഫൈനറി പദ്ധതിക്ക് കാലതാമസം നേരിട്ടു. തുടർന്ന് പദ്ധതിക്കു വേണ്ടി പുതിയ സ്ഥലം കണ്ടെത്തുന്നതിന് മഹാരാഷ്ട്ര സർക്കാർ നിർബന്ധിതമായി.