Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമ്പൂരി കൊലപാതകം;  പോലീസ് അന്വേഷണം ശക്തമാക്കി

തിരുവനന്തപുരം- അമ്പൂരിയിൽ കൊലചെയ്യപ്പെട്ട രാഖിമോളുടെ ഘാതകർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. കൊലയാളിയെന്ന് സംശയിക്കുന്ന അഖിലേഷിന്റെ സഹോദരൻ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇത് സ്ഥിരീകരിക്കുവാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. രാഹുൽ കീഴടങ്ങിയെന്ന് പിതാവ് മണിയൻ പറഞ്ഞു. 
സൈനികനായ അഖിലേഷിനെ കണ്ടെത്താൻ കരസേനാ അധികൃതരുമായി പോലീസ് ആശയവിനിമയം നടത്തിവരികെയാണ്. പാങ്ങോട് മിലിട്ടറി ക്യാമ്പ് ഉദ്യോഗസ്ഥരുടെ സഹായവും ഇതിനായി തേടി. ലഡാക്കിലെ സൈനിക ക്യാമ്പിലാണ് താനുള്ളതെന്ന് അഖിലേഷ് ബന്ധുക്കളോട് പറഞ്ഞുവെങ്കിലും ഇത് മുഖവിലയ്‌ക്കെടുക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല. ദൽഹിയിലാണ് പ്രതി ഉള്ളതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 
ഇതിനിടെ കൊല്ലപ്പെട്ട രാഖി ജൂൺ 21 ന് നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വീട്ടിൽ നിന്നിറങ്ങിയ രാഖി ബസ് സ്റ്റാന്റിൽ എത്തിയ ശേഷം അഖിലുമൊത്ത് അമ്പൂരിയിലെത്തിയതായാണ് വിവരം. കന്യാകുമാരി ജില്ലയിലെ കളിയലിൽ ഉള്ള സുഹൃത്തിന്റെ കാറിലാണ് രാഖിയെയും കൂട്ടി അഖിൽ അമ്പൂരിയിലെ ഓഫീസ് വാർഡിലെ തട്ടാൻമുക്കിലുള്ള പണി നടക്കുന്ന വീട്ടിലെത്തിച്ചേർന്നത്. ജൂൺ 21 നു ശേഷം രാഖിയെ ബന്ധപ്പെടാൻ കഴിയാതിരുന്ന കുടുംബം ജൂലൈ ആദ്യവാരമാണ് പൂവാർ പോലീസിൽ പരാതി നൽകിയത്. 
തുടരന്വേഷണം മൊബൈൽ കോളുകൾ കേന്ദ്രീകരിച്ചായിരുന്നു. വർഷങ്ങളായുള്ള അഖിലേഷിന്റെയും രാഖിമോളുടെയും ബന്ധം മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ അഖിലേഷ് നിരന്തരമായി ബന്ധപ്പെട്ട മറ്റു കോളുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണ് സുഹൃത്തായ ആദർശ് കസ്റ്റഡിയിലായത്. ആദർശിനെ ചോദ്യംചെയ്തതിൽ നിന്നുമാണ് നിഷ്ഠൂരമായ കൊലപാതക വിവരം പുറത്തായത്. എന്നാൽ താൻ കൊലപാതകത്തിൽ പങ്കാളിയല്ലെന്നും മൃതദേഹം മറവു ചെയ്യാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാൾ പറയുന്നത്. 
കഴുത്ത് ഞെരിച്ചു കൊന്നതാകാമെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരിൽ നിന്നു ലഭ്യമാകുന്ന സൂചന.       രാസപരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിൾ അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലംകൂടി പുറത്തു വന്നാൽ മാത്രമേ ലൈംഗികാതിക്രമം ഉൾപ്പെടെ നടന്നിട്ടുണ്ടോയെന്ന് അറിയുവാൻ കഴിയൂ. പ്രാഥമിക പരിശോധനയിൽ മറ്റതിക്രമങ്ങൾ നടന്നിട്ടില്ലെന്ന സൂചനയാണ് ഡോക്ടർമാരിൽ നിന്നു ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കൾ അഖിലേഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും കൊലപാതകത്തിൽ താൻ പങ്കാളിയല്ലെന്നാണ് ബന്ധുക്കളോട് ഇയാൾ പറഞ്ഞത്. 
നെയ്യാറ്റിൻകരയിൽ നിന്നും രാഖിയെ കാറിൽ കൂട്ടിക്കൊണ്ടു വന്നുവെങ്കിലും അമരവിളയിൽ ഇറക്കിവിട്ടതായാണ് പറയുന്നത്. കൊല്ലപ്പെട്ട രാഖി മുമ്പും അഖിലേഷിന്റെ വീട്ടിലെത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും ദീർഘനാളായുള്ള ബന്ധം അഖിലിന്റെ വീട്ടുകാർക്ക് മുമ്പേതന്നെ അറിയാമായിരുന്നു. അഖിലേഷിനേക്കാൾ പ്രായക്കൂടുതലുള്ളതിനാലും അന്യസമുദായക്കാരായതിനാലും ഇരുവരുടെയും ബന്ധം വീട്ടുകാർക്കിടയിലും സ്വീകാര്യമായിരുന്നില്ലെന്ന സൂചനയുമുണ്ട്. ഇതിനിടയിൽ അന്തിയൂർക്കോണം സ്വദേശിയായ യുവതിയുമായി അഖിലിന്റെ വിവാഹമുറപ്പിച്ചത് രാഖിയെ അസ്വസ്ഥയാക്കിയിരുന്നു. യുവതിയെ നേരിൽക്കണ്ട് വിവാഹത്തിൽനിന്നും പിന്മാറണമെന്ന് രാഖി ആവശ്യപ്പെട്ടതും കൊലപാതകത്തിലേക്ക് നയിച്ചു. 

Latest News