ന്യൂദല്‍ഹി- തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി, വടകര, കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് നല്‍കിയ നിവേദനത്തില്‍ കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച റെയില്‍വേ സ്റ്റേഷന്റെ ഭാഗമായ 50 ഏക്കര്‍ സ്ഥലം ഉപയോഗിക്കാതെ കിടക്കുകയാണ്. പ്രതിദിനം 12,000 യാത്രക്കാര്‍ ഉപയോഗിക്കുന്ന തലശ്ശേരി സ്റ്റേഷന് ഏഴു ലക്ഷം രൂപയുടെ വരുമാനമുണ്ട്.
ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വടകര സ്റ്റേഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. കോട്ടക്കടവ്-അരങ്ങില്‍ റെയില്‍വേ ഗേറ്റില്‍ അടിപ്പാത ഇല്ലാത്തത് നഗര വികസനത്തെ ബാധിക്കുന്നു. റിസര്‍വേഷന്‍ സൗകര്യവും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ല. അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പ്‌ളാറ്റ്‌ഫോം നിര്‍മാണം വൈകുന്നതും ആവശ്യത്തിന് മേല്‍ക്കൂര ഇല്ലാത്തതും യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു. സ്റ്റേഷനില്‍ കൂടുതല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുടങ്ങണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
തലശ്ശേരിയില്‍നിന്ന് മാനന്തവാടി വഴി മൈസൂരിലേക്കുള്ള പരിസ്ഥിതി സൗഹൃദ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ മുരളീധരന്‍ ആവശ്യപ്പെട്ടു. കബനി നദിക്കു സമാന്തരമായി 11.5 കിലോമീറ്റര്‍ ദൂരം തുരങ്കം നിര്‍മിച്ച് മാനന്തവാടി, കേണിച്ചിറ, പുല്‍പള്ളി, സര്‍ഗുര്‍, കോട്ട കഡക്കോള വഴി കടന്നുപോകുന്ന പാതയെ കര്‍ണാടക സര്‍ക്കാരും അനുകൂലിക്കുന്നു. ബ്രഹ്മഗിരി വന്യമൃഗ സങ്കേതം, നാഗര്‍ഹോള ദേശീയ ഉദ്യാനം, ബന്ദിപ്പൂര്‍ കടുവാ സങ്കേതം, വയനാട് വന്യമൃഗ സങ്കേതം എന്നിവ ഒഴിവാക്കിയാണ് പാത. രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷുകാരാണ് പാതയുടെ സാധ്യത കണ്ടെത്തിയത്. ആദ്യ റെയില്‍ മന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി പദ്ധതിയില്‍ താത്പര്യം കാണിച്ചെങ്കിലും നടപടിയുണ്ടായില്ല. പദ്ധതി നടപ്പായാല്‍ പാലക്കാട് റൂട്ടിലെ റെയില്‍ ഗതാഗതത്തിന് ആശ്വാസമാകും. കൊങ്കണ്‍ റെയില്‍വേ തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടും എസ്റ്റിമേറ്റും എം.പി സമര്‍പ്പിച്ചു.
പെട്ടെന്ന് മൈസൂരിലെത്താന്‍ പാത പ്രയോജനകരമായതിനാല്‍ റെയില്‍വേ പിന്തുണയ്ക്കുമെന്ന് മന്ത്രി പറഞ്ഞതായി എംപി അറിയിച്ചു. നിര്‍മാണചെച്ചലവ് പ്രശ്നമാകും. ഭൂമി ഏറ്റെടുപ്പ് ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. പദ്ധതിക്ക് കൊങ്കണ്‍ റെയില്‍വേയുടെ സഹായം തേടാമെന്നും മന്ത്രി നിര്‍ദേശിച്ചു