കോട്ടയം - പി.എസ്.സി കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 10പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ ഹൃദയാഘാതമുണ്ടായ യൂത്ത്‌ലീഗ് പൂഞ്ഞാര്‍ നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി അമീര്‍ ചേനപ്പാടിയെ (32)കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
രാവിലെ 10.30ന് ജില്ല ലീഗ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് പോലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് തള്ളി അകത്തേക്ക് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പോലീസിനെതിരെ മുദ്രവാക്യം മുഴക്കി. തുടര്‍ന്ന് ഇവരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശിയപ്പോള്‍ ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും ഒത്തുചേര്‍ന്നതോടെ ഡി വൈ എസ് പിയുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഉദ്ഘാടകനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിന്റെ ഈ നീക്കത്തില്‍ പ്രതിഷേധിച്ച് തട്ടിക്കയറി. തുടര്‍ന്നാണ് സംഘഷത്തിന് അയവുവന്നത്. സംഭവുമായി ബന്ധപ്പെട്ട് 10പേരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. തോക്കും ലാത്തിയും ഉപയോഗിച്ച് പൊലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം വിവേകപൂര്‍വമല്ല. 23 ലക്ഷം അപേക്ഷകള്‍ പി.എസ്.സിയില്‍ കെട്ടികിടക്കുകയാണ്. ഇഷ്ടമുള്ളവരെ റാങ്ക്‌ലിസ്റ്റില്‍ തിരുകി കയറ്റി സംവരണം അട്ടിമറിക്കുകയാണ്. പി.എസ്.സിയുടെ നിയമനങ്ങള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ ശ്രമങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.