തിരുവനന്തപുരം- സർക്കാറിന്റെ നേട്ടങ്ങളുടെ ശോഭ കെടുത്തുന്ന വിവാദങ്ങളുണ്ടാകാതെ സൂക്ഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം നടത്തുന്ന ഗൃഹ സന്ദർശന പരിപാടിയിൽ ഇത് സംബന്ധിച്ച നിർദ്ദേശം ഉയർന്നതായും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. വിമർശനങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. സർക്കാറിന്റെ നേട്ടങ്ങളെ മുക്കിക്കളയുന്ന ചില വിവാദങ്ങളുണ്ടാകുന്നു. പോലീസിന്റെ നടപടികളെ പറ്റിയും ജനങ്ങൾക്ക് പരാതിയുണ്ട്. ശബരിമലയിൽ സ്വീകരിച്ച നടപടികളും വോട്ടുചോർച്ചക്ക് കാരണമായി. ശബരിമല കാരണം വോട്ടുമാറി ചെയ്‌തെന്ന് ചില വീട്ടമ്മമാർ പറഞ്ഞു. സുപ്രീം കോടതി വിധി വന്നപ്പോൾ പിന്തുണച്ച ബി.ജെ.പിയും കോൺഗ്രസും നിലപാട് മാറ്റിയപ്പോൾ രാഷ്ട്രീയ സമരമായി മാറുമെന്ന് കണക്കാക്കി നിലപാട് സ്വീകരിക്കാൻ സർക്കാറിന് കഴിഞ്ഞില്ല. വനിതാ മതിലിന് ശേഷം രണ്ടു സ്ത്രീകൾ ക്ഷേത്രത്തിൽ കയറിയത് സർക്കാരിനും എൽ.ഡി.എഫിനും വലിയ ക്ഷീണമുണ്ടാക്കിയെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.