Sorry, you need to enable JavaScript to visit this website.

ജി.എസ്.ടിയുടെ പേരിൽ വിലക്കയറ്റമുണ്ടാക്കിയാൽ നടപടി -ധനമന്ത്രി

തിരുവനന്തപുരം- ജി.എസ്.ടിയുടെ പേരിൽ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. ജി.എസ്.ടിയുടെ പേരിൽ ഒരു ഉൽപന്നത്തിനും എം.ആർ.പിയേക്കാൾ ഉയർന്ന വില ഈടാക്കാൻ കഴിയില്ല. ജി.എസ്.ടിയുടെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർധിപ്പിക്കുന്നതിനും ന്യായീകരണമില്ല. എ.സി റസ്റ്റോറന്റുകളിലെ ഭക്ഷണവില നേരത്തെയുണ്ടായിരുന്നതിനേക്കാൾ കുറയ്ക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ വ്യാപാരി വ്യവസായി സംഘടനകളുമായും ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളുമായും ഉടൻ ചർച്ച നടത്തും. വില കൂട്ടുന്നത് സംബന്ധിച്ച് ഉപഭോക്താക്കൾ പരാതി നൽകിയാൽ നടപടിയെടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
നേരത്തെ ഉണ്ടായിരുന്ന എല്ലാ നികുതിയും ഉൾപ്പെടുന്നതാണ് എം.ആർ.പി. ജി.എസ്.ടി വരുന്നതുകൊണ്ട് വില ഇതിനേക്കാൾ ഉയരുന്ന സാഹചര്യമില്ല. 85 ശതമാനം ഉൽപന്നങ്ങൾക്കും നിലവിലുള്ളതിനേക്കാൾ ജി.എസ്.ടിയിൽ നികുതി കുറഞ്ഞിരിക്കുകയാണ്. സേവനങ്ങൾക്ക് മാത്രമാണ് നികുതി വർധനയുണ്ടായിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന വാറ്റ്, കേന്ദ്ര എക്‌സൈസ് തീരുവ, ചില ഉത്പന്നങ്ങളിന്മേലുണ്ടായിരുന്ന അഡീഷനൽ എക്‌സൈസ് തീരുവ, സ്വച്ച്ഭാരത്, എജ്യുക്കേഷനൽ സെസ്, പരസ്യങ്ങളിന്മേലുള്ള സേവന നികുതി, കേന്ദ്ര വിൽപന നികുതി, ചില സംസ്ഥാനങ്ങളിലുണ്ടായിരുന്ന പ്രവേശന നികുതി ഇതെല്ലാം ജി.എസ്.ടി വന്നതോടെ ഇല്ലാതായിട്ടുണ്ട്. ഫലത്തിൽ ജി.എസ്.ടി വന്നതോടെ നികുതി കുറയുകയാണ് ചെയ്തത്. പല തരത്തിലുള്ള നികുതികളെല്ലാം ചേർത്തുള്ളതാണ് ഓരോ ഉൽപന്നത്തിന്റെയും എം.ആർ.പി. ഇതിനേക്കാൾ ഉയർന്ന വില ഈടാക്കുന്നത് നിയമ വിരുദ്ധമാണ്. നേരത്തെയുണ്ടായിരുന്ന നികുതികൾക്ക് പുറമെ ജി.എസ്.ടി കൂടി ചേർത്ത് വില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 
ഇത്തരക്കാർക്കെതിരെ അനധികൃത ലാഭം കൊയ്യൽ നിയമപ്രകാരം നടപടിയെടുക്കും. കേന്ദ്ര അതോറിറ്റിക്കാണ് ഇതിനുള്ള അധികാരമെങ്കിലും സംസ്ഥാനതല സ്‌ക്രീനിംഗ് സമിതി ഇത് കേന്ദ്ര അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തും. 
ജനങ്ങൾ ദൈനംദിനം ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കെല്ലാം നികുതി കുറയുകയാണ് ചെയ്തത്. 14.5 ശതമാനമുണ്ടായിരുന്ന കോഴിയുടെ നികുതി പൂർണമായി ഇല്ലാതായി. പക്ഷേ, കോഴി വിലയിൽ ഇത് പ്രതിഫലിച്ചിട്ടില്ല. 
ജി.എസ്.ടിയുടെ പേരിൽ കൺകെട്ട് നടത്തി വില കൂട്ടുകയാണ്. വാറ്റ് 14 ശതമാനമായിരുന്നെങ്കിൽ ജി.എസ്.ടി 18 ശതമാനമാണെന്ന് പറഞ്ഞാണ് വില കൂട്ടുന്നത്. ഹോട്ടലുകളിൽ വില കൂടേണ്ട ഒരു സാഹചര്യവുമില്ല. സ്റ്റാൻഡേർഡ് ഊണിന് 75 രൂപയായിരുന്നെങ്കിൽ ഊൺ  തയാറാക്കാൻ ആവശ്യമായ ഉൽപന്നങ്ങളുടെ നികുതി ഇളവ് പരിഗണിച്ചാൽ വില കൂട്ടേണ്ടി വരില്ല. എ.സി റസ്റ്റോറന്റുകളിൽ വില കുറയുകയാണ് വേണ്ടത്. നേരത്തെ കേന്ദ്ര സർവീസ് ടാക്‌സും ചില ഉത്പന്നങ്ങൾക്ക് സംസ്ഥാനത്തിന്റെ കൊഴുപ്പ് നികുതിയും ഉണ്ടായിരുന്നു. ഇത് ഇല്ലാതായി. 
നേരത്തെയുണ്ടായിരുന്ന വാറ്റും അതിന് മുകളിൽ ജി.എസ്.ടിയും അടിച്ചേൽപിക്കുന്നത് നിയമ വിരുദ്ധമാണ്. തെറ്റിദ്ധാരണ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ വ്യാപാരികൾ ഇത് തിരുത്താൻ തയാറാകണം. നിയമ വ്യവസ്ഥക്ക് അനുസരിച്ച് വില നിശ്ചയിക്കാൻ വ്യാപാരികൾ തയാറകണം. 
സംസ്ഥാന സർക്കാരിന് നടപടിയെടുക്കാൻ പരിമിതിയുണ്ടെങ്കിലും ഇത് സംബന്ധിച്ച് പരാതിയുള്ളവർ വിൽപന നികുതി ഉദ്യോഗസ്ഥരെ സമീപിക്കണം. പരാതി പരിശോധിച്ച് സംസ്ഥാനതല സ്‌ക്രീനിംഗ് സമിതി കേന്ദ്ര അതോറിറ്റിക്ക് കൈമാറും. ഇത്തരം വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കാൻ വരെ നിയമത്തിൽ വ്യവസ്ഥയുണ്ട്.
തിയേറ്ററുകൾ ടിക്കറ്റ് നിരക്ക് കൂട്ടിയെന്ന പരാതിയും സർക്കാർ പരിശോധിക്കും. വിനോദ നികുതി ഇല്ലാതായ സാഹചര്യത്തിൽ ടിക്കറ്റ് വില കൂട്ടേണ്ട കാര്യമില്ല. സർക്കാർ തിയേറ്ററുകളും നിരക്ക് കൂട്ടിയത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest News