വാരാണസി- പ്രധാനമന്ത്രി മോഡിയുടെ മണ്ഡലമായ വാരാണസിയിൽ ലൈംഗീക പീഡനക്കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ഭഡോഹി ജില്ലാ യൂണിറ്റ് ബി.ജെ.പി പ്രസിഡന്റായിരുന്ന കനയ്യലാൽ മിശ്രയാണ് അറസ്റ്റിലായത്. ജോലിയുടെ കാര്യം ചർച്ച ചെയ്യാനായി ഒരു വനിതാ സർക്കാർ ഉദ്യോഗസ്ഥയെ കാണാനെന്നു പറഞ്ഞ് മിശ്ര 32 കാരിയായ യുവതിയെ ഇംഗ്ലീഷിയ ലൈനിലെ ലോഡ്ജിൽ വിളിച്ചുവരുത്തുകയായിരുന്നു. മിശ്രയുമായി പരിചയമുണ്ടായിരുന്ന യുവതി ലോഡ്ജിലേക്ക് വരാമെന്ന് സമ്മതിക്കുകയും ചെയ്തു.
ലോഡ്ജ് മുറിയിലേക്ക് പ്രവേശിച്ചയുടനെ മിശ്ര തന്നെ ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. 'യുവതി എതിർക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതോടെ മിശ്രയുടെ മുറിയ്ക്ക് പുറത്തുളളവരും ഓടിയെത്തി. യുവതി എമർജൻസി പോലീസ് നമ്പറിലേക്ക് വിളിക്കുകയും പോലീസ് സ്ഥലത്തെത്തി മിശ്രയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.