മുംബൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ആശയ വിനിമയത്തിലുണ്ടായ തകരാറാകാം കശ്മീര്‍ വിഷയത്തില്‍ സംഭവിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.
മോഡി മെഡിറ്റേറ്റ് എന്നു പറഞ്ഞത് ട്രംപ് മീഡിയേറ്റ് എന്നാകും കേട്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്‌നപരിഹാരത്തിന് ട്രംപിന്റെ ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടെന്ന വാര്‍ത്ത വന്‍ വിവാദമായതിന് പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ കണ്ടെത്തല്‍.
അണ്ടര്‍സ്റ്റാന്‍ഡിങ് ഇസ്ലാം ഇന്‍ ഇന്ത്യന്‍ ഡെമോക്രമസി എന്ന സ്വന്തം പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് സല്‍മാന്‍ ഖുര്‍ഷിദ് ഈ സാധ്യത പറഞ്ഞത്. യോഗ ഉദ്ദേശിച്ചുകൊണ്ട് എന്തുകൊണ്ട് മെഡിറ്റേറ്റ് ചെയ്യുന്നില്ല എന്ന് മോഡി ചോദിച്ചിട്ടുണ്ടാകും, ട്രംപ് കേട്ടതും കരുതിയതും മീഡിയേറ്റ് എന്നാകാം -അദ്ദേഹം പറഞ്ഞു.
നയതന്ത്ര ബന്ധം എന്നത് ആശയവിനിമയത്തില്‍ അധിഷ്ഠിതമാണ്. നേരാം വണ്ണം ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തുതരം നയതന്ത്രമാണ് നിങ്ങള്‍ നടത്തുന്നതെന്നും സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു.
കശ്മീര്‍ വിഷയത്തില്‍ മോഡി ട്രംപിന്റെ മധ്യസ്ഥം ആവശ്യപ്പെട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.