കൊല്‍ക്കത്ത- രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുകൊണ്ട് ആള്‍ക്കൂട്ട കൊലകളും ജയ്ശ്രീറാം മുഴക്കിയുള്ള ആക്രമണങ്ങളും പെരുകുന്നതിനെതിരേ തുറന്ന കത്തെഴുതി ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപി നുസ്രത്ത് ജഹാന്‍.
രാജ്യത്ത് ഭീകരമായ ആള്‍ക്കൂട്ടാധിപത്യമാണ് അരങ്ങേറുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നുസ്രത്ത് ജഹാന്‍ കത്തെഴുതിയത്. 'ആള്‍ക്കൂട്ടാക്രമണവും വെറുപ്പില്‍ നിന്നുള്ള കുറ്റകൃത്യങ്ങളും രാജ്യത്ത് കുത്തനെ ഉയരുകയാണ്. 2014-19 കാലഘട്ടത്തിലാണ് മുസ്‌ലീങ്ങള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളുണ്ടായത്. 2019ല്‍ മാത്രമായി 11 വിദ്വേഷ കുറ്റകൃത്യങ്ങളും നാല് കൊലകളും നടന്നു. അവരെല്ലാം തന്നെ അടിച്ചമര്‍ത്തപ്പെട്ടവരും ന്യൂനപക്ഷങ്ങളുമായിരുന്നു. ബീഫ് കഴിച്ചതിന്റെ പേരിലും കാലിക്കടത്തിന്റെ പേരിലും ആളുകളെ ആക്രമിച്ചതിന്റെ നിരവധി സംഭവങ്ങളാണ് അരങ്ങേറുന്നത്. സര്‍ക്കാരിന്റെ ചില വിഷയങ്ങളിലെ മൗനവും നിര്‍ജ്ജീവാവസ്ഥയും നമ്മെ സാരമായി ബാധിച്ചു. അനീതിക്ക് നമ്മുടെ രാജ്യത്ത് നിരവധി പേരുകളാണുള്ളത്. തബ്രേസ് അന്‍സാരി, മുഹമ്മദ് ഇഖ്‌ലാഖ്, പെഹ്ലു ഖാന്‍ എന്നിങ്ങനെ പോകുന്നു അത്,', നുസ്രത്ത് ജഹാന്‍ പറഞ്ഞു.
'52കാരനായ മുഹമ്മദ് ഇഖ്‌ലാകിനെ നാല് കൊല്ലം മുമ്പ് ദാദ്രിയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. 55 കാരനായ പെഹ്ലുഖാനെ 2017ല്‍ ഗോസംരക്ഷകര്‍ തല്ലിക്കൊന്നു. 24കാരനായ തബ്രേസ് അന്‍സാരിയെ ജാര്‍ഖണ്ഡില്‍ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ടാണ് ആള്‍ക്കൂട്ടം തല്ലി ക്കൊന്നത്' നുസ്രത്ത് ജഹാന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
മതം നമ്മെ പഠിപ്പിക്കുന്നത് വിരോധം വെച്ചു പുലര്‍ത്താനല്ല എന്ന് പറഞ്ഞു കൊണ്ടാണ് നുസ്രത്തിന്റെ തുറന്ന കത്ത് അവസാനിക്കുന്നത്.