തിരുവനന്തപുരം- കൊച്ചിയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ആരെയും വീട്ടില്‍ക്കയറി മര്‍ദിച്ചിട്ടില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ലാത്തിച്ചാര്‍ജിനിടെ ജില്ലാ സെക്രട്ടറിയെയും എം.എല്‍.എ.യെയും തിരിച്ചറിഞ്ഞില്ലേ എന്ന കാര്യം പോലീസുകാരോട് ചോദിക്കണം. പോലീസ് അതിക്രമം നടന്നിട്ടുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടി•േല്‍ നടപടിയുണ്ടാകും. സംഭവത്തില്‍ എന്തു നടപടി സ്വീകരിക്കും എന്നകാര്യം അറിഞ്ഞിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ എ.കെ. ബാലന്‍ സി.പി.ഐക്കെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. മന്ത്രി എ.കെ. ബാലന്‍ തന്നെ അത് നിഷേധിച്ചതാണെന്നും കാനം വ്യക്തമാക്കി.
ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് അടക്കം മര്‍ദനമേറ്റ സംഭവത്തില്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞാറയ്ക്കല്‍ സി.ഐ.ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കാനത്തിന് ഉറപ്പുനല്‍കിയെന്നാണ് സൂചന.