ഭോപാല്‍-മധ്യപ്രദേശില്‍ വമ്പന്‍ നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തി കൊണ്ടിരിക്കുന്നത്. മുന്‍ സ്പീക്കറും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുമിത്ര മഹാജന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ കണ്ടിരിക്കുകയാണ്. ഇത് എന്തിനാണെന്ന ആശങ്കയിലാണ് ബിജെപി. നേതൃത്വവുമായി കടുത്ത ഭിന്നതയുണ്ട് സുമിത്രയ്ക്ക്. തന്നെ മോഡി സര്‍ക്കാര്‍ ഇത്തവണ അവഗണിച്ചെന്ന് നേരത്തെ തന്നെ ഇവര്‍ സൂചിപ്പിച്ചിരുന്നു. ഇതോടെ ഇവര്‍ പാര്‍ട്ടി വിടുമോ എന്ന ആശങ്കയിലാണ് ബിജെപി. ഇന്‍ഡോറില്‍ ശക്തമായ സാന്നിധ്യം സുമിത്ര മഹാജനുണ്ട്. കമല്‍നാഥ് സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് പാര്‍ട്ടിക്ക് ആശങ്ക തുടങ്ങിയത്. ദീര്‍ഘനേരം കമല്‍നാഥുമായി സുമിത്ര മഹാജന്‍ സംസാരിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ആദായനികുതി വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. അഹില്യാഭായ് സ്മാരകത്തിന്റെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താന്‍ കമല്‍നാഥിനെ കണ്ടതെന്നാണ് സുമിത്ര മഹാജന്റെ വിശദീകരണം. 50 മിനുട്ടോളം ഇവര്‍ തമ്മില്‍ സംസാരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. എട്ട് തവണ മത്സരിച്ച് വിജയിച്ച മഹാജന് ഇത്തവണ നേതൃത്വം സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.