Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ബംഗളൂരു- കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച മൂന്നു വിമത എം.എല്‍.എമാരെ സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അയോഗ്യരാക്കി. സര്‍ക്കാരിനെ മറിച്ചിടുന്നതിനുള്ള വിമതനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കൂമത്തല്ലി, സ്വതന്ത്ര എം.എല്‍.എ ആര്‍. ശങ്കര്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്.
നിലവിലെ നിയമസഭയുടെ കാലാവധി 2023 മേയില്‍ അവസാനിക്കുന്നതുവരെ ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാലും മത്സരിക്കാന്‍ യോഗ്യരല്ല. അതേസമയം, സ്പീക്കറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയുണ്ട്.
വിമതരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും സ്പീക്കറോട് ശുപാര്‍ശ ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ ലയിക്കുമെന്നു കത്തു നല്‍കിയ ശേഷമാണ്   കെ.പി.ജെ.പി എംഎല്‍എ ആര്‍.ശങ്കര്‍ ബി.ജെ.പി പക്ഷത്തേക്ക് പോയത്. തുടര്‍ന്ന് ബി.ജെ.പിയെ പിന്തുണക്കുമെന്ന് സ്പീക്കറെ അറിയിച്ചിരുന്നു. രമേശ് ജാര്‍ക്കിഹോളിയും മഹേഷ് കൂമത്തല്ലിയും രാജി നല്‍കാന്‍ വരികയാണെന്ന് അറിയിച്ചിരുന്നില്ല. ഞാന്‍ ബംഗളൂരുവില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ച് സ്പീക്കറെ കാണുന്നില്ലെന്ന് പരാതി നല്‍കിയത്.
വിശ്വാസ വോട്ടില്‍ പങ്കെടുക്കാതെ മുംൈബ ആശുപത്രിയില്‍ കഴിയുന്ന പാര്‍ട്ടി എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയിട്ടുണ്ട്. തന്റെ തീരുമാനം മറ്റു എം.എല്‍.എമാരെ ഉടന്‍ അറയിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. കൂടുതല്‍ അപേക്ഷകള്‍ തന്റെ പക്കലുണ്ടെന്നും വരും ദിവസങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു പേര്‍ക്കെതിരെ നടപടിയെടുത്താല്‍ ബാക്കിയുള്ളവര്‍ തിരിച്ചുവന്നേക്കുമെന്നാണ് കോണ്‍ഗ്രസും ജെ.ഡി.എസും  കരുതുന്നത്.
എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടില്‍ പരാജയപ്പെട്ട് രണ്ട് ദിവസത്തിനുശേഷമാണ്  അയോഗ്യത കല്‍പിക്കുന്നതിനുള്ള നടപടികള്‍ സ്പീക്കര്‍ രമേഷ് കുമാര്‍ ആരംഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പി ഇതുവരെ അവകാശം ഉന്നയിച്ചിട്ടില്ല.
മൂന്ന് വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ജനാധിപത്യത്തെ വഞ്ചിച്ചവര്‍ ശിക്ഷക്കര്‍ഹരാണെന്നും ബി.ജെ.പിയുടെ ഓപറേഷന്‍ താമര അധാര്‍മികമാണെന്നും പാര്‍ട്ടി വ്യക്തമാക്കി.
മൂന്ന് എം.എല്‍.എമാരുടെ രാജി സ്വമേധയാ  അല്ലെന്നും യഥാര്‍ഥമല്ലെന്നും ബോധ്യപ്പെട്ടതിനാലാണ് അവ തള്ളിയതും കൂറുമാറ്റ നിരോധ നിയമത്തില്‍ പത്താം വകുപ്പ് പ്രകാരമുള്ള അയോഗ്യതാ നടപടകളിലേക്ക് കടന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറുടെ നടപടി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിനശ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു.

 

Latest News