Sorry, you need to enable JavaScript to visit this website.

അനിശ്ചിതത്വത്തിനു വിരാമം; അഞ്ചുകോടി അജിതന് 

മൺസൂൺ ലോട്ടറി സമ്മാനർഹനായ അജിതനും ഭാര്യയും മുത്തപ്പക്ഷേത്രത്തിൽ 

കണ്ണൂർ - അനിശ്ചിതത്വത്തിനു വിരാമമായി. ഒരാഴ്ച നീണ്ട കാത്തിരിപ്പിനൊടുവിൽ ആ ഭാഗ്യവാൻ പ്രത്യക്ഷപ്പെട്ടു. കേരള സർക്കാരിന്റെ മൺസൂൺ ബമ്പർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ അടിച്ചത് പറശ്ശിനിക്കടവ് മഠപ്പുര അംഗവും ക്ഷേത്ര ജീവനക്കാരനുമായ കൊവ്വൽ ഹൗസിൽ അജിതനാണ്. അജിതന് ഇത് രണ്ടാം തവണയാണ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അടിക്കുന്നത്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന പവിത്രനിൽ നിന്നാണ് അജിതൻ ടിക്കറ്റെടുത്തത്. 
കഴിഞ്ഞ ആഴ്ച നടന്ന നറുക്കെടുപ്പിൽ സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് പവിത്രനാണെന്ന് വ്യക്തമായെങ്കിലും ഈ ഭാഗ്യവാൻ ആരെന്ന് അറിഞ്ഞിരുന്നില്ല. ലോട്ടറി വകുപ്പും ഒന്നാം സമ്മാനം വിറ്റ ഏജൻസിയും വിജയിയെത്തേടി നടക്കുന്നതിനിടെ പല അഭ്യൂഹങ്ങളും പ്രചരിക്കുകയും ചെയ്തു. ഇതിനിടെയാണ് അജിതന്റെ മരുമകനായ മനീഷ് സമ്മാനാർഹമായ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി വകുപ്പ് ഡയറക്ടർക്കു നേരിട്ടു കൈമാറിയത്. 
പറശ്ശിനിക്കടവ് ക്ഷേത്രത്തിനു സമീപമാണ് അജിതൻ കുടുംബ സമേതം താമസിക്കുന്നത്. നാല് വർഷം മുമ്പ് കേരള സർക്കാരിന്റെ വിൻവിൻ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയും അമ്പതു പവനും അജിതനു ലഭിച്ചിരുന്നു. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണ് അജിതൻ. പറശ്ശിനി ക്ഷേത്ര പരിസരത്തെ വിൽപനക്കാരിൽ നിന്നാണ് ടിക്കറ്റെടുക്കാറുള്ളത്. മൺസൂൺ ബമ്പർ ലോട്ടറി വിൽപന ആരംഭിച്ച ദിവസം തന്നെയാണ് ടിക്കറ്റെടുത്തത്. എന്നാൽ ആർക്കാണ് ഈ ടിക്കറ്റ് നൽകിയതെന്ന കാര്യം വിൽപനക്കാരനായ പവിത്രന് ഓർമയില്ലായിരുന്നു.  പുതിയതെരു ഓണപ്പറമ്പ് സ്വദേശിനി സവിതയാണ് അജിതന്റെ ഭാര്യ. അതുൽ(ദുബായ്), അഞ്ജന എന്നിവർ  മക്കളാണ്.  

 

 

Latest News