ന്യൂദല്‍ഹി- മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍ ലോക്‌സഭ പാസാക്കി. 303 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്തു.ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു എം.പിമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ഒറ്റയടിക്കുള്ള മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മൂന്ന് വര്‍ഷം തടവുശിക്ഷ വിധിക്കുന്നതും അടക്കമുള്ള വകുപ്പുകളുള്ള ബില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് അവതരിപ്പിച്ചത്. ലോക്‌സഭ പാസാക്കിയ ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും. ബിജെഡി, ജെഡിയു, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കുറിയും രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാക്കുക എളുപ്പമല്ല.
പതിനാറാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അസാധുവായ ബില്ലാണിത്. 2017ല്‍ ആദ്യം കൊണ്ടുവന്ന ബില്ലില്‍ നിന്ന് ഒട്ടേറെ ഭേദഗതികളോടെയാണ് ഇത്തവണ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
ബില്ല് സിലക്ട് കമ്മിറ്റികളുടെ പരിശോധനക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി.