തൂനിസ്- തുനീഷ്യന്‍ പ്രസിഡന്റ് ബെജി കെയിഡ് എസ്സെബ്സി (92) അന്തരിച്ചു. 2011 ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം വടക്കൻ ആഫ്രിക്കൻ രാജ്യത്ത് ഭരണ സംവിധാനം ജനാധിപത്യ രീതിയിലേക്ക് മാറ്റുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളായാണ് ബെജി കെയിഡ് എസ്സെബ്സി അറിയപ്പെടുന്നത്. കഴിഞ്ഞ മാസമാണ് വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപിച്ചത്. തുടർന്ന് ഇന്ന് രാവിലെയാണ് സൈനിക ആശുപത്രിയിൽ വെച്ച് അന്ത്യം. മരണാനന്തര കർമ്മങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പാർലമെന്റ് സ്‌പീക്കർ താൽക്കാലിക പ്രസിഡന്റ് പദവി അലങ്കരിക്കും.
2011 കാലഘട്ടത്തിൽ വിവിധ അറബ് രാജ്യങ്ങളെ പിടിച്ചുലച്ച മുല്ലപ്പൂ വിപ്ലവത്തിന് തിരികൊളുത്തിയ തുനീഷ്യന്‍ ഭരണത്തിൽ ഏകാധിപതിയായി മാറിയ സൈനുൽ ആബിദീൻ ബിൻ അലിയെ പുറത്താക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളാണ് ബെജി കെയിഡ് എസ്സെബ്സി. തുടർന്ന് വിപ്ലവം മിഡിൽ ഈസ്റ്റിലെ ചില രാജ്യങ്ങളിലും ലിബിയ, ഈജിപ്‌ത് എന്നീ രാജ്യങ്ങളിലും അരങ്ങേറിയിരുന്നു. പ്രഡിഡന്റിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.