കൊൽക്കത്ത- സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള ആൾക്കൂട്ട അക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ച ബംഗാളി നടൻ കൗഷിക് സെന്നിന് വധഭീഷണി. കൊല്ലുമെന്ന് ഭീഷണി മുഴക്കി ഫോൺ സന്ദേശം ലഭിച്ചെന്നും ഫോൺ നമ്പർ പോലിസിനു കൈമാറിയെന്നും കൗഷിക് സെൻ വ്യക്തമാക്കി.
ഇന്നലെയാണ് അജ്ഞാത നമ്പരിൽ നിന്നും ഫോൺ സന്ദേശം ലഭിച്ചത്. അസഹിഷ്ണുതയ്ക്കും ആൾക്കൂട്ട അക്രമങ്ങൾക്കുമെതിരേ ശബ്ദമുയർത്തുന്നത് നിർത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി'- കൗഷിക് പറഞ്ഞു.
'സത്യസന്ധമായി പറയട്ടെ, ഇത്തരത്തിലുള്ള ഭീഷണികളിൽ ഞാൻ ഭയപ്പെടില്ല. എന്നോടൊപ്പം ഒപ്പുവെച്ചവരോട് ഞാൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവർക്ക് ആ നമ്പർ കൈമാറുകയും ചെയ്തു' കൗഷിക് പറഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ, മണി രത്‌നം, അനുരാഗ്, കശ്യപ്, അപർണ സെൻ, കൊങ്കണ സെൻ ശർമ്മ, സൗമിത്ര ചാറ്റർജി, രേവതി, ശ്യാം ബെനഗൽ, റിദ്ധി സെൻ, ബിനായക് സെൻ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.