കാസർകോട്- ഹൊസങ്കടി മജിർപള്ളം കൊള്ളിയൂരിലെ ഹാരിസി(17)നെ കാറിൽ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. ഹാരിസിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പെട്ട മൂന്ന് കോടി രൂപയുടെ സ്വർണ്ണ ഇടപാട് തർക്കമാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കാൻ കാരണമെന്നാണ് തെളിയുന്നത്. 22 ന് രാവിലെ പത്ത് മണിക്ക് തട്ടികൊണ്ടുപോയ ഹാരിസിനെ കണ്ടെത്താനുള്ള അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ച പോലീസ് കർണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഹാരിസിന്റെ സഹോദരിയുടെ മൊഴി പ്രകാരം കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. മഞ്ചേശ്വരം സി.ഐ ദിനേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഹാരിസ് എവിടെയാണുള്ളതെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. തട്ടിക്കൊണ്ടുപോയ സംഘം കാർ വഴിയിൽ വെച്ച് മാറിയാണ് കടന്നുകളഞ്ഞത്. മൂന്ന് മണിവരെ ഹാരിസിന്റെ മൊബൈൽ ലൊക്കേഷൻ ബായാർ, കന്യാന, മിയാപദവ് എന്നിവിടങ്ങളിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. സ്വർണ്ണ ഇടപാട് മുഴുവൻ നടന്നിരിക്കുന്നത് ഗൾഫിൽ വെച്ചാണ്. ഹൊസങ്കടി സ്വദേശിയായ പ്രവാസിയുമായി ഇടപാട് നടത്തുകയും ഇയാളുടെ കോടികൾ വിലവരുന്ന സ്വർണ്ണം തട്ടിയെടുക്കുകയും ചെയ്തതിന് പ്രതികാരമായാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. സ്വർണ്ണം നഷ്ടപ്പെട്ടയാൾ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘമാണ് ഹാരിസിനെ കാറിൽ കയറ്റിക്കൊണ്ടുപോയത്. ഗൾഫിൽ നിന്ന് അധോലോക സംഘം നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി മഞ്ചേശ്വരം പോലീസ് പറഞ്ഞു. സഹോദരിയേയും കൊണ്ട് സ്‌കൂട്ടറിൽ കൊള്ളിയൂർ പദവിലെ മദ്രസയിലേക്ക് പോകുമ്പോഴാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. കറുത്ത മാരുതി കാറിലെത്തിയ സംഘം ഹാരിസ് ഓടിച്ച സ്‌കൂട്ടറിന് കുറുകെ കാർ ഇടുകയും ഹാരിസിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഹാരിസിന്റെ അടുത്ത ബന്ധുക്കളെ ഗൾഫിൽ നിന്ന് നാലരകിലോ സ്വർണം ഒരാൾക്ക് കൈമാറാൻ ഏൽപ്പിച്ചിരുന്നുവത്രെ. യാത്രക്കിടെ തന്നെ പിന്തുടർന്നെത്തിയ കസ്റ്റംസ് സംഘം സ്വർണ്ണം കൊണ്ടുപോവുകയും കസ്റ്റംസ് സംഘത്തിന്റെ കയ്യിൽ നിന്ന് താൻ ഓടി രക്ഷപ്പെട്ടുവെന്നുമാണ് ബന്ധു സ്വർണ്ണം തന്നുവിട്ടയാളോട് പറഞ്ഞത്. പിന്നീട് ഗൾഫിലെ സംഘം സ്വർണ്ണം ആവശ്യപ്പെട്ട് ഹാരിസിന്റെ ബന്ധുക്കളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഹാരിസിന്റെ മൊബൈലിൽ നിന്ന് ശബ്ദ സന്ദേശം ലഭിച്ചിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോയത് ബന്ധു പണം നൽകാനുള്ളത് സംബന്ധിച്ചുള്ള തർക്കമാണെന്നും പണം നൽകിയാൽ തന്നെ വിട്ടയക്കുമെന്നുമാണ് ഹാരിസിന്റെ ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം.