ലെവിയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിഷം

ലെവി പിന്‍വലിച്ചുവെന്ന് തങ്ങളുടെ പേരില്‍ പ്രചരിച്ചത് പച്ചക്കള്ളമെന്ന് അല്‍ റിയാദ് പത്രം.

പ്രവാസികളെ ലക്ഷ്യമിട്ട്, അവരെ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാക്കുന്ന വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പതിവായിരിക്കുന്നു. നാടുവിട്ടവരെ ഇങ്ങനെ ദ്രോഹിക്കാന്‍ ആര്‍ക്കാണ് സാധിക്കുന്നത്?
ഏതു തരത്തിലുള്ള മനോരോഗത്തിന് അടിപ്പെട്ടവരാണ് ഇത് ആസ്വദിക്കുന്നത്. പ്രവാസികള്‍ തന്നെയാണോ ഈ വിഷത്തിനു പിന്നില്‍ ?

ഏറ്റവും ഒടുവില്‍ സൗദി അറേബ്യന്‍ അധികൃതര്‍ ഇവിടെ താമസിക്കുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് മേല്‍ ചുമത്തിയ ലെവിയുടെ പേരിലാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്.

Read More:  ആശ്രിത ലെവി എല്ലാവര്‍ക്കും ബാധകമെന്ന് ജവാസാത്ത്; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

Reaad More :  ആശ്രിത ലെവി ഫൈനല്‍ എക്‌സിറ്റിനും ബാധകം

Read More :  ഫാമിലി ലെവി വാര്‍ത്തയുടെ പിന്നാമ്പുറം 

അറബി പത്രമായ അല്‍റിയാദിന്റെ വെബ്‌സൈറ്റില്‍ നിന്നെടുത്ത വാര്‍ത്ത പോലെയാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ചിത്രവും കൂടി ചേര്‍ത്തുള്ള വാര്‍ത്ത.
ഇന്നലെ രാവിലെ മുതല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഈ വാര്‍ത്ത കണ്ട് അമ്പരന്നു. ജൂലൈ ഒന്നു മുതല്‍ ഈടാക്കി തുടങ്ങിയ ലെവി അടച്ച് ഇതിനകം എക്‌സിറ്റ് റീ എന്‍്രട്രി അടിച്ചവര്‍ക്ക് ഈ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മടക്കി നല്‍കുമെന്നുപോലും ഈ വിരുതന്‍ ഇത് തയാറാക്കിയ വിരുതന്‍ വ്യാജ വാര്‍ത്തയില്‍ ചേര്‍ത്തുവെച്ചു.

വാര്‍ത്തയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടുള്ള അറബിയിലുള്ള വോയിസ് ക്ലിപ്പും ഇതോടൊപ്പം വാട്ടസാപ്പില്‍ പ്രചരിച്ചു. ഇന്നലെ രാവിലെ മുതല്‍ മലയാളികളും ഈ വ്യാജ വാര്‍ത്ത വൈറലാക്കി.

രാജ്യത്തുള്ള എല്ലാ രാജ്യക്കാര്‍ക്കും ലെവി ബാധകമാണെന്ന് ജവാസാത്ത് ട്വിറ്ററില്‍ അറിയിച്ചതിനു പുറമെ, ഈ വാര്‍ത്ത പച്ചക്കള്ളമാണെന്ന് അല്‍ റിയാദ് പത്രവും അവരുടെ വെബ് സൈറ്റില്‍ നിഷേധിച്ചു.

പ്രവാസികളുടെ പേരില്‍ ഇത്തരം മനോരോഗം ഇതാദ്യമല്ല. സൗദി അറേബ്യന്‍ ഗവണ്‍മെന്റ് ആശ്രിത ലെവി പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയതായിരുന്നു ഈ അഭ്യൂഹ പ്രചാരണം.

വിവിധ കമ്പനികളുടെ ലെറ്റര്‍ഹെഡിലായിരുന്നു ഇതു സംബന്ധിച്ച പല വ്യാജ സന്ദേശങ്ങളും. ഭാര്യക്കും മക്കള്‍ക്കും ലെവി ബാധകമല്ല, പിതാവും മാതാവും ഉള്‍പ്പെടെയുള്ള മറ്റു ബന്ധുക്കള്‍ക്ക് മാത്രമാണ് ബാധകം തുടങ്ങി നിരവധി നുണകള്‍ ഇങ്ങനെ സമൂഹമാധ്യമങ്ങളിലെത്തി. ലെവി നടപ്പിലാക്കാനേ ഇടയില്ലെന്ന സന്ദേശങ്ങള്‍ വേറെയും.

http://malayalamnewsdaily.com/sites/default/files/filefield_paths/levy_fake.jpg

അടിയന്തിരമായി രക്തം ആവശ്യമുണ്ടെന്ന പേരില്‍ പോലും പ്രവാസികള്‍ക്കിടയില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച് ആസ്വദിക്കുന്നവര്‍ സമൂഹമാധ്യമങ്ങളിലുണ്ട്.

ഇങ്ങനെ പലനാള്‍ ചെയ്യുന്നവര്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്ന് ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. സൗദി അറേബ്യയിലെ സൈബര്‍ നിയമം അത്രമേല്‍ ശക്തമാണ്.

അതുകൊണ്ട് കിട്ടിയ സന്ദേശം പ്രചരിപ്പിക്കുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിച്ചാല്‍ പ്രവാസി മലയാളികള്‍ക്കും നല്ലത്. നാട്ടിലേക്ക് തിരിച്ചു പോകുന്നതിനു വേണ്ടിയാണ് സകലസങ്കടങ്ങളും അനുഭവിച്ചുകൊണ്ട് പ്രവാസ മണ്ണില്‍ തങ്ങുന്നതെന്ന കാര്യം വിസ്മരിക്കരുത്.

Latest News