റിയാദ് - ആശ്രിത ലെവിയില്‍നിന്ന് സിറിയക്കാരെയും യമനികളെയും ഒഴിവാക്കിയിട്ടില്ലെന്നും എല്ലാ വിദേശികള്‍ക്കും അത് ബാധകമാണെന്നും ജവാസാത്ത് ട്വിറ്ററില്‍ വ്യക്തമാക്കി. വിദേശികളുടെയും സ്വദേശികളുടെയും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഈ വിവരം ഇന്ന് ട്വീറ്റ് ചെയ്തത്.
ആശ്രിത ലെവി പിന്‍വലിച്ചതായി റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ച് അല്‍റിയാദ് പത്രത്തിന്റെതായി വന്ന വാര്‍ത്ത വ്യാജമാണെന്ന് ഇതോടെ വ്യക്തമായി. ഇന്ന് കാലത്താണ് സോഷ്യല്‍ മീഡിയകളില്‍ സല്‍മാന്‍ രാജാവിന്റെ ചിത്രം വെച്ച് ആശ്രിത ലെവി പിന്‍വലിച്ചതായുള്ള വാര്‍ത്തയുടെ കട്ടിംഗ് വൈറലായത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി വിദേശികളുടെ ചുമലില്‍ കെട്ടിവെക്കേണ്ടതില്ല. നമ്മുടെ മതം കാരുണ്യത്തിന്റെ മതമാണ്. ഇഖാമ പുതുക്കുമ്പോഴോ റീ എന്‍ട്രി ഇഷ്യു ചെയ്യുമ്പോഴോ വിദേശികള്‍ ആശ്രിതരുടെ ലെവി അടക്കേണ്ടതില്ലെന്നും അടച്ചവര്‍ക്ക് അവരുടെ ബാങ്ക് എകൗണ്ട് വഴി തിരിച്ചുനല്‍കുമെന്നുമാണ് റോയല്‍ കോര്‍ട്ടിന്റെ പേരിലുള്ള അറിയിപ്പായി വന്നത്. ജൂലൈ രണ്ടിന് ഞായറാഴ്ച തിയ്യതി വെച്ചാണ് ഈ വാര്‍ത്തയുള്ളത്. എന്നാല്‍ അപ്രകാരം ഒരു വാര്‍ത്ത ഇന്നലെ പ്രസിദ്ധീകരിച്ച അര്‍റിയാദ് പത്രത്തില്‍ ഉണ്ടായിരുന്നില്ല. വ്യാജ വാര്‍ത്തയോടൊപ്പം വോയിസ് ക്ലിപ്പും പ്രചരിച്ചിരുന്നു.