ദുബായ്- യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണത്തിന് ഇനി കാത്തിരിക്കേണ്ടത് ഒരു വര്‍ഷം മാത്രം. അടുത്ത വര്‍ഷം ജൂലായ് പകുതിയോടെ യു.എ.ഇ.യുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ 'ഹോപ്പ് ' കുതിച്ചുയരും.
യു.എ.ഇ സ്പേസ് ഏജന്‍സിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററും ചേര്‍ന്ന് ചരിത്രപരമായ ഈ യാത്രയുടെ കൗണ്ട്ഡൗണ്‍ അടയാളപ്പെടുത്തി. ഹോപ്പ്, യാത്രക്കുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണെന്ന് യു.എ.ഇ. സ്പേസ് ഏജന്‍സി ചെയര്മാന് അഹ്മദ് അല്‍ ഫലസി പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണത്തില്‍ യു.എ.ഇ. പുതിയ ഉയരങ്ങള്‍ താണ്ടുന്നതിന്റെ തെളിവു കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയം നോക്കിയാണ് വിക്ഷേപണം ആസൂത്രണം ചെയ്തത്.
എമിറേറ്റ്സ് മാര്‍സ് മിഷന് പദ്ധതിപ്രകാരം ചൊവ്വയിലെ ജലസാന്നിധ്യം അപ്രത്യക്ഷമാവാനുള്ള കാരണമടക്കം ചുവന്ന ഗ്രഹത്തെക്കുറിച്ചുള്ള 1000 ജിഗാബൈറ്റ് ഡാറ്റ ഹോപ്പ് ശേഖരിക്കുമെന്നാണ് കരുതുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഹോപ്പിന്റെ പരിശോധനകളും പരീക്ഷണങ്ങളുമാണ് ഇപ്പോള്‍ നടന്നുവരുന്നത്.