ന്യൂദൽഹി- കർണാടകയിൽ മന്ത്രിസഭയെ താഴെയിറക്കി ഭരണത്തിലേറാൻ ബി ജെ പി നടത്തിയ ഹീനമായ രാഷ്‌ട്രീയ നീക്കങ്ങളെ നിശിതമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് ശശി തരൂർ എംപി. ഈയടുത്ത് കാലിക്കച്ചവടം നിരോധിച്ചെങ്കിലും കര്‍ണാടകയില്‍ കാലിക്കച്ചവടം നടന്നതായി അദ്ദേഹം വിമര്‍ശിച്ചു. ‘കാലി ലേലം നിരോധിച്ച പാര്‍ട്ടി കര്‍ണാടകയില്‍ ഇപ്പോള്‍ അത് നടത്തിയിരിക്കുകയാണ്. വശീകരണ ശ്രമങ്ങളിലൊന്നും വീഴാതിരുന്ന ഡി.കെ.ശിവകുമാറിനും മറ്റ് കോണ്‍ഗ്രസ് എംഎല്‍മാര്‍ക്കും എന്റെ അഭിനന്ദനം. നിങ്ങള്‍ ശക്തമായി തന്നെ നിലകൊണ്ടു. നമ്മള്‍ ഇതിനെ അതിജീവിക്കും,’ ശശി തരൂര്‍ വ്യക്തമാക്കി. രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്‌ട്രീയ അട്ടിമറിയാണ് കര്‍ണാടകത്തില്‍ ബിജെപി നടത്തിയതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും വിമര്‍ശിച്ചു. സര്‍ക്കാരിനെ വീഴ്ത്താന്‍ കോടിക്കണക്കിന് കള്ളപ്പണമാണ് ബിജെപി ഒഴുകിയതെന്നും പണത്തോടൊപ്പം മന്ത്രിസ്ഥാനവും അവര്‍ കൂറുമാറിയ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തുവെന്നും ഇവർ ആരോപിച്ചു