ന്യൂദല്‍ഹി- ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഇന്ത്യയേയും ഐ.എസ്.ആര്‍.ഒയേയും അഭിന്ദിച്ചുകൊണ്ട് നടത്തിയ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ പുതിയൊരു അനുമോദന സന്ദേശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ ചരിത്ര നേട്ടത്തെ അഭിനന്ദിക്കുന്നതിനുപകരം സ്വന്തം നേട്ടങ്ങള്‍ വിളിച്ചു പറയാനാണ് നാസ ശ്രമിച്ചതെന്നായിരുന്നു വിമര്‍ശം.
രാജ്യന്തര പര്യവേഷണ ദൗത്യങ്ങളെ പിന്തണക്കുന്നതില്‍ അഭിമാനമുണ്ടെന്നും ആഗോള സഹകരണമാണ് തങ്ങളെ നയിക്കുന്ന തത്ത്വമെന്നും പുതിയ ട്വീറ്റില്‍ പറയുന്നു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ച് ഐ.എസ്.ആര്‍.ഒ. പഠിക്കുന്ന കാര്യങ്ങളെ കുറിച്ചറിയാന്‍ കാത്തിരിക്കുകയാണെന്ന് ആദ്യ ട്വീറ്റില്‍ വ്യക്തമാക്കിയ നാസ ദൗത്യനിര്‍വഹണത്തില്‍ ഇന്ത്യയെ സഹായിക്കാനായതില്‍ അഭിമാനിക്കുന്നെന്നും ദക്ഷിണ ധ്രുവത്തെപ്പറ്റി ലഭിക്കുന്ന വിവരങ്ങള്‍ മനുഷ്യനെ ചന്ദ്രനില്‍ അയക്കുകയെന്ന നാസയുടെ ഭാവി ദൗത്യമായ ആര്‍ട്ടെമിസിന് ഉപകരിക്കുമെന്നും പറഞ്ഞിരുന്നു.
ചന്ദ്രയാന്‍ രണ്ടിലെ പേലോഡുകള്‍ക്കൊപ്പം നാസയുടെ ലേസര്‍ റെട്രോറിഫ്‌ലക്ടര്‍ അരേ ഉപകരണവുമുണ്ട്. ചന്ദ്രന്റെ ഉള്‍ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കുകയാണ് ഇതിന്റെ ദൗത്യം.