Sorry, you need to enable JavaScript to visit this website.

കേരളത്തിലെ വീട്ടമ്മമാരുടെ  കൈപ്പുണ്യം ടൂറിസ്റ്റുകൾക്കും 

 കേരളവും മാറ്റത്തിന്റെ പാതയിൽ. കൊച്ചിയിലും മറ്റും ആരംഭിച്ച ഹോം സ്റ്റേ പദ്ധതിയുടെ അനുബന്ധമായി വിനോദ സഞ്ചാരികൾക്ക് വീടുകളിൽ തയാറാക്കുന്ന വിഭവങ്ങൾ രുചിച്ചറിയാനും അവസരമൊരുങ്ങുന്നു. 
കേരള ടൂറിസം 'എക്‌സ്പീരിയൻസ് എത്‌നിക് കുസിൻ' പദ്ധതി രജിസ്‌ട്രേഷൻ ആരംഭിച്ചു. കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്താനൊരുങ്ങിയിരിക്കുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ.
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രൻ നിയമസഭയിലാണ് ടൂറിസം മേഖലയിൽ വൻ ചലനം സൃഷ്ടിക്കാവുന്ന പദ്ധതി പ്രഖ്യാപിച്ചത്. 'എക്‌സ്പീരിയൻസ് എത്‌നിക് കുസിൻ' എന്ന പേരിൽ കേരളത്തിൽ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വർക്കിംഗ് ഗ്രൂപ്പ് ഭരണാനുമതി നൽകി.
കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെടുന്ന 2000 വീടുകളാണ് ഒന്നാംഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക. കേരളീയ ഗ്രാമങ്ങളെ ടൂറിസം പ്രവർത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയാണ് പ്രവർത്തനം ആസൂത്രണം ചെയ്യുക.
വീട്ടിൽ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയിൽ കേരളീയ ഭക്ഷണം തയ്യാറാക്കി നൽകുന്ന ഒരു ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കും. ഇവയെ ആധുനിക വിവര സാങ്കേതിക വിദ്യാ രീതികളുപയോഗിച്ചു സഞ്ചാരികൾക്ക് പരിചയപ്പെടുത്തും. ഈ പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതൽ 50,000 വരെ ആളുകൾക്കു മൂന്ന്  വർഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകാൻ കഴിയും.
ഇതിലൂടെ സംരംഭകരായി മാറുന്നതിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരിക്കും എന്നൊരു പ്രത്യേകതയുമുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരമൊരു പദ്ധതി ഫലപ്രദമായി ചുരുങ്ങിയ കാലയളവിനുള്ളിൽ നടപ്പിലാക്കുവാൻ ഉത്തരവാദിത്ത ടൂറിസം മിഷനു സാധിക്കും.


കേരളത്തിന് ഒരു തനതു ഭക്ഷ്യ സംസ്‌കാരവും പാചക ഭക്ഷണ രീതികളും ഉണ്ട്. എന്നാൽ ഈ ശൈലി വ്യാപകമായി തുടച്ചു മാറ്റിക്കൊണ്ട് ഒരു ഫാസ്റ്റ് ഫുഡ് സംസ്‌കാരം കേരളത്തിലുടനീളം പടർന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നിരവധി ചെറുകിട ഹോട്ടലുകളിൽ പോലും ഇന്നു കേരളീയമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങളാണ് തയ്യാറാക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതും. ഒരു നാട്ടിലെത്തുന്ന വിനോദ സഞ്ചാരികൾ ആ നാടിന്റെ ഭക്ഷണ ക്രമങ്ങളെക്കുറിച്ചറിയാൻ തത്പരർ ആയിരിക്കും. ഭക്ഷണ പദാർത്ഥങ്ങൾ രുചിച്ചറിയുന്നതിനും അവയുടെ പാചക രീതി പഠിക്കുന്നതിനുമായി യാത്ര ചെയ്യുന്ന നിരവധി സഞ്ചാരികളുണ്ട്. നിർഭാഗ്യവശാൽ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ഭക്ഷണ ശൈലിയും പ്രോത്സാഹിപ്പിക്കുവാൻ പര്യാപ്തമായ ശക്തമായ ഒരു സംവിധാനം കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ കുറവാണ്.  ഒരു നാടിനെ വിനോദ സഞ്ചാര രംഗത്ത് ഉറപ്പിച്ചു നിർത്തുന്ന ബ്രാൻഡിംഗ് ഘടകങ്ങളിൽ തനതു ഭക്ഷണം ഒരു പ്രധാന ഘടകമാണ്.
ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ വീടുകളും ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോഓർഡിനേറ്റർമാർ അടങ്ങുന്ന ഒരു സമിതി സന്ദർശിച്ചു വിലയിരുത്തിയ ശേഷം ആയിരിക്കും അവ ശൃംഖലയിൽ ഉൾപ്പെടുത്തുന്നത്. അതിനായി പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് അതാതു ജില്ലാ തലത്തിൽ ഒരു ദിവസത്തെ പരിശീലനം നൽകും. ഒരു രണ്ടംഗ കുടുംബത്തിനു പോലും ഒരു മുഴുദിന ജീവനക്കാരന്റെ / ജീവനക്കാരിയുടെ സഹായത്തോടെ മുപ്പതു പേർക്കെങ്കിലും കേരളീയ ഭക്ഷണം തയ്യാറാക്കി നൽകുവാനും അതിലൂടെ തങ്ങൾക്ക് സുസ്ഥിരമായ ഒരു വരുമാനം കണ്ടെത്താനുമാവും. എന്നാൽ എങ്ങനെ ഇതു ചെയ്യണം എന്ന കാര്യം സംരംഭകർക്ക് വിശദീകരിച്ചു കൊടുക്കും. ഇതിനു വേണ്ടി വരുന്ന മുതൽ മുടക്കിന്റെ ഏകദേശ ചിത്രവും അവർക്ക് നൽകും. അതിനു ശേഷം വേണ്ട തയാറെടുപ്പുകൾ നടത്തുന്നതിനായി ഒരു മാസത്തെ സമയവും നൽകും. ഈ പദ്ധതിയിൽ രജിസ്റ്റർ  ചെയ്യുന്ന യൂണിറ്റുകൾ നിർബന്ധമായി പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കണം.
കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് ഗാർഹിക ഭക്ഷ്യ ശൃംഖലയെക്കുറിച്ച് പറഞ്ഞു കൊടുക്കുവാനും അവിടെ നിന്നു ഭക്ഷണം കഴിക്കുവാൻ പ്രേരിപ്പിക്കുവാനുമായി നമ്മുടെ ഭക്ഷണം ഒരു ബ്രാൻഡായി മാറേണ്ടതാവശ്യമാണ്. ഇത് ഒരു ബ്രാൻഡ് ആയി സ്ഥാപിച്ചെടുക്കുവാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ മുൻകൈ എടുത്ത് പ്രയത്‌നിക്കും. ഉത്തരവാദിത്ത മിഷൻ പരിശോധിച്ച് അംഗീകരിക്കുന്ന ഓരോ സംരംഭകരെയും ലൊക്കേഷൻ, ഫോട്ടോ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതം കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഉൾപ്പെടുത്തും.
 പദ്ധതി പല തരത്തിലും സംസ്ഥാനത്തിന് ഗുണകരമാണ്. പ്രത്യക്ഷമായും പരോക്ഷമായും 8000 പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന 2000 പ്രാദേശിക ഭക്ഷ്യ ശൃംഖല ഒന്നാം ഘട്ടത്തിൽ രൂപപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ ഈ ശൃംഖല കുറഞ്ഞത് 30,000 മുതൽ 50,000 വരെ ആളുകൾക്കു പ്രത്യക്ഷമായി തന്നെ തൊഴിൽ നൽകും. കേരളത്തിന്റെ തനതു ഭക്ഷ്യ രുചികൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ അവസരം ലഭിക്കുന്നു. സ്ത്രീശാക്തീകരണത്തെ സഹായിക്കുന്ന പദ്ധതിയാണിത്.
 ഗ്രാമീണ ടൂറിസം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ടൂറിസം കൊണ്ടുള്ള നേട്ടങ്ങൾ തദ്ദേശവാസികൾക്ക് ലഭ്യമാക്കാൻ കഴിയുന്നു. 
ഉത്തരവാദിത്ത ടൂറിസം മിഷന്റെ  ഭാഗമായി രജിസ്റ്റർ ചെയ്ത വിവിധ യൂണിറ്റുകൾ പ്രത്യേകിച്ച് കരകൗശല യൂണിറ്റുകൾ, അച്ചാർ യൂണിറ്റുകൾ, ചിപ്‌സ് യൂണിറ്റുകൾ, പപ്പടം യൂണിറ്റുകൾ, പച്ചക്കറി, പാൽ, മുട്ട ഉത്പാദന യൂണിറ്റുകൾ തുടങ്ങിയ യൂനിറ്റുകൾക്കും വരുമാനം ലഭ്യമാക്കാൻ കഴിയുന്നു. 
പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ടം ജൂലൈയിൽ ആരംഭിക്കും. രജിസ്‌ട്രേഷന് താൽപര്യമുള്ള വീട്ടമ്മമാർക്കും കുടുംബങ്ങൾക്കും ജൂലൈ 25 നു മുൻപായി സംസ്ഥാന ടൂറിസം വകുപ്പിൽ പ്രവർത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷൻ ഓഫീസിലോ അതതു ജില്ല ടൂറിസം ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജില്ല ഉത്തരവാദിത്ത ടൂറിസം മിഷൻ ഓഫീസുകളിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്. അംഗീകൃത ഹോം സ്‌റ്റേകൾക്കും ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് അപേക്ഷിക്കാവുന്നതാണ്.


 

Latest News