വാഷിംഗ്‌ടൺ- ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ യശസുയർത്തിയ ചന്ദ്രയാൻ 2 പേടകത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐ എസ് ആർ ഒ യെ അഭിനന്ദിച്ച് നാസ. ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെയാണ് നാസ അഭിനന്ദന സന്ദേശം അറിയിച്ചത്. നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് വഴി ചന്ദ്രയാന്റെ ഭൂമിയുമായുള്ള ആശയവിനിമയത്തിൽ പിന്തുണ നൽകുന്നുണ്ട്. അതുവഴി ഇന്ത്യയുടെ നിർണായക ദൗത്യത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നും നാസ ട്വീറ്റ് ചെയ്തു. ചന്ദ്രയാൻ 2 വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ച ശേഷമാണ് നാസയുടെ അഭിനന്ദനം. ഏതാനും വർഷങ്ങൾക്കകം മനുഷ്യരുമായി ചന്ദ്രനിലേക്ക് നാസ നടത്താനിരിക്കുന്ന ആർടിമിസ് ദൗത്യത്തിനും ചന്ദ്രയാനില്‍ നിന്നു ലഭിച്ച വിവരം ഉപകാരപ്രദമാകുമെന്നും നാസ കുറിച്ചു. 2022ലാണ് നാസ ആർടിമിസ് ദൗത്യം പദ്ധയിടുന്നത്.
ജിഎസ്എല്‍വി എംകെ- 3 പ്രതീക്ഷിച്ചതു പോലെ തന്നെ വിജയകരമായാണ് ചന്ദ്രയാന്‍-2 നെ ഭ്രമണപഥത്തിലെത്തിച്ചത്. റിവൈസ്ഡ് ഫ്‌ളൈറ്റ് സീക്വന്‍സ് പ്രകാരം 23 ദിവസമായിരിക്കും പേടകം ഭൂമിയുടെ ഭ്രമണ പഥത്തിലുണ്ടാവുക. വിക്രം ലാന്റര്‍ മൊഡ്യൂളും പ്രഗ്യാന്‍ റോവറും ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട് ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്പ് 13 ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പേടകം സഞ്ചരിക്കും. വിക്രം ലാന്ററിനുള്ളിലായിരിക്കും പ്രഗ്യാന്‍ റോവറുണ്ടാവുക. 14 ദിവസമാണ് (ഒരു ലൂണാര്‍ ദിവസം) ലാന്ററും റോവറും പ്രവര്‍ത്തിക്കുക. ഈ സമയത്തിനിടെ വ്യത്യസ്തമായ പരീക്ഷണങ്ങളും വിവര ശേഖരണവും നടത്തും. . അതേസമയം വിജയകരമായി പൂര്‍ത്തീകരിച്ച ആദ്യഘട്ടത്തിനു ശേഷം രണ്ടാമത്തെ ഘട്ടവും വിജയകരമായി പൂര്‍ത്തിയാവുകയായി.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഉച്ച കഴിഞ്ഞ് 2.43 നായിരുന്നു ചരിത്ര ദൗത്യവുമായി ചന്ദ്രയന്‍-2 കുതിച്ചുയര്‍ന്നത്. ഇനി സെപ്തംബര്‍ ഏഴിലേക്കുള്ള കാത്തിരിപ്പാണ്. അന്നാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഉപതരിതലത്തില്‍ ഇറങ്ങുക. സെപ്തംബര്‍ രണ്ടിന് (43-ാം ദിവസം) ആയിരിക്കും ലാന്റര്‍ മൊഡ്യൂള്‍ ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെടുക. ശേഷം ലോവര്‍ ഓര്‍ബിറ്റില്‍ കുറച്ച് ദിവസം കൂടി ചന്ദ്രനെ വലം വെക്കും. നേരത്തെ ഷെഡ്യൂള്‍ ചെയ്തതു പോലെ സെപ്തംബര്‍ ആറിനോ ഏഴ് പുലര്‍ച്ചയോ ആകും ലാന്റിങ് നടക്കുക. ചന്ദ്രോപരിതലത്തിന്റെ ഹൈ റെസലൂഷന്‍ ത്രിഡി ദൃശ്യങ്ങള്‍ എടുക്കാനുള്ള വ്യത്യസ്തമായ ക്യാമറകള്‍ പേടകത്തിലുണ്ട്. ലൂണാര്‍ അന്തരീക്ഷവും മിനറല്‍ കോമ്പോസിഷനും പഠിക്കാനുള്ള ഉപകരണങ്ങളും പേടകത്തിലുണ്ട്. ചന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം ചന്ദ്രനെ വലം വെക്കാനും നിരീക്ഷണങ്ങള്‍ നടത്താനുമായിരുന്നുവെങ്കിൽ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ സൗത്ത് പോളിനെ കുറിച്ച് പഠിക്കും. ചന്ദ്രന്റെ ചരിത്രം പഠിക്കാന്‍ സഹായിക്കുന്ന വിവരങ്ങളും ഇവിടെ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2379 കിലോ ഗ്രാം ഭാരമുള്ള ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരുക.