അഹമ്മദാബാദ്- ഹോം വർക്ക് ചെയ്യാത്തതിൽ വ്യത്യസ്‌ത ശിക്ഷാ രീതിയുമായെത്തിയ അധ്യാപകനെതിരെ അന്വേഷണം. വിദ്യാര്‍ത്ഥിനികളോട് വള ഊരാന്‍ ആവശ്യപ്പെട്ട അധ്യാപകന്‍ ഇത് ആണ്‍കുട്ടികള്‍ക്ക് നല്‍കി ധരിക്കാൻ നിർബന്ധിക്കുകയായിരുന്നു. അഹമ്മദാബാദിലെ മെഹസാന ജില്ലയിലെ ഗവണ്‍മെന്റ് പ്രൈമറി നമ്പര്‍ 3 സ്കൂളിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. മനുഭായ് പ്രജാപതി എന്ന അധ്യാപകനാണ് പ്രത്യേക ശിക്ഷാ മുറയുമായി രംഗത്തെത്തിയത്. ഹോംവര്‍ക്ക് ചെയ്യാതെ വന്ന ആറാം ക്ലാസിലെ മൂന്ന് കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ ശിക്ഷ നല്‍കിയത്. വിദ്യാര്‍ത്ഥിനികളോട് വള ഊരാന്‍ ആവശ്യപ്പെട്ട അധ്യാപകന്‍ ഇത് ആണ്‍കുട്ടികള്‍ക്ക് നല്‍കി. തുടര്‍ന്ന് എല്ലാവരും കാണ്‍കെ വള ധരിക്കണമെന്ന് ആണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ കുട്ടികൾ നാണക്കേട് മൂലം സ്‌കൂളിൽ പോകാൻ കൂട്ടാക്കിയില്ല. തങ്ങള്‍ക്ക് സ്കൂളില്‍ പോവാന്‍ നാണക്കേട് ആണെന്നാണ് കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ അധ്യാപകനെ നിര്‍ബന്ധ അവധിയില്‍ അയച്ചു.