ബംഗളൂരു- വിശ്വാസ വോട്ടെടുപ്പ് നടത്താതെ കര്‍ണാടക നിയമസഭ വീണ്ടും പിരിഞ്ഞു. ചൊവ്വാഴ്ച വീണ്ടും സഭ ചേരും. വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ വേണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചുവെങ്കിലും ചര്‍ച്ചകള്‍ നീണ്ടുപോയി. പുലര്‍ച്ചെ വരെ സഭ ചേര്‍ന്നാലും വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ രമേശ് കുമാറിന് ഒരു ഘട്ടത്തില്‍ പറയേണ്ടി വന്നു.
വോട്ടെടുപ്പ് നീണ്ടുപോകുന്നതിനെതിരെ സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോണ്‍ഗ്രസും സ്പീക്കറും കക്ഷി ചേരും. വിമതരുടെ വിപ്പിന്റെ കാര്യത്തില്‍ വ്യക്തത തേടിയാണ് കക്ഷി ചേരുന്നത്. കോണ്‍ഗ്രസിനു വേണ്ടി കപില്‍ സിബലും സ്പീക്കര്‍ക്കു വേണ്ടി അഭിഷേക് മനു സിംഗ്‌വിയും ഹാജരാകും.
വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് തള്ളിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്കു നീട്ടിവെക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല.