അബുദാബി- മസ്തിഷ്‌ക മരണം സംഭവിച്ച ആറു വയസ്സുകാരന്റെ വൃക്കകളിലൊന്ന് 15 കാരനായ ഇന്ത്യന്‍ ബാലന് പുതുജീവനേകും. ജന്മനാ ഒരു കിഡ്‌നിയുമായി ജനിച്ച തൗഫീഖ് അഹമ്മദ് എന്ന ബാലനാണ് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലായിരുന്നു ശസ്ത്രക്രിയ.
പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്ന തൗഫീഖിന് ജനിക്കുമ്പോള്‍ തന്നെ ഒരു വൃക്ക മാത്രമേയുണ്ടായിരുന്നുള്ളു. അതുതന്നെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായിരുന്നില്ല. വേണ്ടത്ര വളര്‍ച്ചയില്ലാതിരുന്ന വൃക്ക തകരാറിലാവാന്‍ തുടങ്ങിയതോടെ ഡയാലിസിസ് വഴി ജീവന്‍ നിലനിര്‍ത്തിയ തൗഫീഖ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് രണ്ടു വര്‍ഷമായി കാത്തിരിക്കുകയായിരുന്നു.
തൗഫീഖിന്റെ പിതാവ് 57 കാരനായ സുലൈമാന്‍ ഷാ മുഹമ്മദ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച കുട്ടിയുടെ വൃക്ക തൗഫീഖിന് കൃത്യമായി ഇണങ്ങുന്നതായിരുന്നു. രണ്ടാമത്തെ വൃക്ക അല്‍ ജലീല സ്‌പെഷാലിറ്റി ആശുപത്രിയില്‍ മറ്റൊരു കുട്ടിക്കായും ഉപയോഗിച്ചു. മരിച്ച കുട്ടിയുടെ കരള്‍ സൗദി അറേബ്യയിലെ ദമാമിലേക്ക് മറ്റൊരു കുട്ടിക്കായി അയക്കുകയും ചെയ്തു.