ന്യൂദൽഹി- രാജ്യത്ത് പിന്നോക്ക ദളിത് വിഭാഗങ്ങൾക്കെതിരെ വ്യാപകമായ ആൾക്കൂട്ട ആക്രമണങ്ങൾ വ്യാജ സൃഷ്ടികളാണെന്ന വാദവുമായി കേന്ദ്രമന്തി മുഖ്‌താർ അബ്ബാസ് നഖ്‌വി. അടുത്തിടെയായി വ്യാപകമായ ആൾക്കൂട്ട ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഇത് അധികവും വ്യാജവും കെട്ടിച്ചമതുമാണെന്ന മറുപടിയുമായി കേന്ദ്ര ന്യൂന പക്ഷ മന്ത്രി രംഗത്തെത്തിയത്. നഖ്‌വിയുടെ പ്രസ്‌താവനയെ ചോദ്യം ചെയ്‌തു കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല രംഗത്തെത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് ന്യൂനപക്ഷ മന്ത്രിക്ക് അറിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ന്യൂനപക്ഷങ്ങൾക്ക് എന്ത് സംഭവിച്ചാലും ബി ജെ പി ക്ക് യാതൊരു വേദനയും ഉണ്ടാകുകയില്ല. ഭരണകക്ഷിയിലെ എല്ലാവരും കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ആൾക്കൂട്ട കൊലപാതകവും ആക്രമങ്ങളും ഏറ്റവും കൂടുതൽ നടക്കുന്നത് ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിലാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ കണക്കുകൾ പ്രകാരം 43 ശതമാനവും യു പിയിലാണ് നടക്കുന്നത്. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ 2008 കേസുകളാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ 869 കേസുകൾ മാത്രം ഉത്തർ പ്രദേശിൽ നിന്നുമാണ്.