ശ്രീഹരിക്കോട്ട- സാങ്കേതിക തകരാർ മൂലം അവസാന മിനുട്ടിൽ വിക്ഷേപണം മാറ്റിവെച്ച ഇന്ത്യയുടെ ചന്ദ്രയാൻ 2 വിക്ഷേപണത്തിനായി കൗണ്ട് ഡൗൺ ആരംഭിച്ചു. ഞായാറാഴ്ച വൈകുന്നേരം 6.43 നാണു കൗണ്ട് ഡൗൺ ആരംഭിച്ചത്. തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം 2.43 നായിരിക്കും വിക്ഷേപണമെന്നു ഐ എസ് ആർ ഒ അറിയിച്ചു. ഇക്കഴിഞ്ഞ പതിനഞ്ചിനു വിക്ഷേപണ തയ്യാറെടുപ്പുകൾപൂർത്തിയാക്കി കൗണ്ട് ഡൗൺ ആരംഭിച്ചു അവസാന മിനുട്ടുകളിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. ജി എസ് എൽ വി മാർക്ക് 3 റോക്കറ്റ് ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, പര്യവേക്ഷണം നടത്തുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാൻഡർ എന്നിവ വഹിച്ചു നാളെ ഉച്ചക്ക് 2.43 നു കുതിച്ചുയരും. ചരിത്രത്തിലെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ 1000 കോടിയോളം രൂപ ചെലവിടുന്ന ഈ ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ.ശിവന്റെ നേതൃത്വത്തിൽ തയാറെടുപ്പുകൾ വിലയിരുത്തി.
ഇക്കഴിഞ്ഞ പതിനഞ്ചിനു വിക്ഷേപണ തയ്യാറെടുപ്പുകൾപൂർത്തിയാക്കി കൗണ്ട് ഡൗൺ ആരംഭിച്ചു അവസാന മിനുട്ടുകളിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഉടൻ തന്നെ വിക്ഷേപണം താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. മാർക്ക് 3 റോക്കറ്റിലെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നിൽ ചോർച്ചയുണ്ടായതിനെത്തുടർന്നാണ് 56 മിനുട്ടും 26 സെക്കന്റും ബാക്കി നിൽക്കെ വിക്ഷേപണം മാറ്റിവച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ തകരാർ വ്യക്തമാകുകയും ചൊവ്വാഴ്ച്ച രാത്രിയോടെ തകരാർ പൂർണമായി പരിഹരിച്ച ശേഷം മണിക്കൂറുകൾ നീണ്ട സുരക്ഷാപരിശോധന പൂർത്തിയാക്കിയ ശേഷമാണ് പുതിയ പുതിയ ദൗത്യത്തിനൊരുങ്ങിയത്.