ലഖ്‌നൗ- യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സോന്‍ഭദ്ര സന്ദര്‍ശനം വൈകിയെങ്കിലും സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇരകള്‍ക്കൊപ്പം നില്‍ക്കണമെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വൈകിയെങ്കിലും മനസിലാക്കിയത് നന്നായെന്ന് പറഞ്ഞ പ്രിയങ്ക ഗ്രാമവാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്ത് കര്‍ഷകര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സോന്‍ഭദ്ര സന്ദര്‍ശിക്കാന്‍ പ്രിയങ്കയുടെ സന്ദര്‍ശന വിവാദത്തിനു പിന്നാലെയാണ് യോഗി തയാറായത്. സോന്‍ഭദ്രയിലേക്ക് പോകാന്‍ പ്രിയങ്കയെ അനുവദിച്ചിരുന്നില്ല. ഒടുവില്‍ അവര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടത്.
പ്രദേശത്തെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യമെത്തിയത്. അപ്പോള്‍ മാത്രമാണ് യു.പി സര്‍ക്കാര്‍ ഗൗരവമേറിയ സംഭവം നടന്നകാര്യം മനസിലാക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
അതിനിടെ, സോന്‍ഭദ്ര ഭൂമി തര്‍ക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കുന്ന ഗൂഢാലോചനയാണ് ഇവിടെ നടന്നത്. 1955 ല്‍ ഭൂമി ട്രസ്റ്റിന് കൈമാറിയതോടെയാണ് തുടക്കം. 1989 ല്‍ അന്ന് യു.പി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂമി ട്രസ്റ്റിലെ അംഗങ്ങളുടെ പേരിലേക്കുമാറ്റി. ഇതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വെടിവെപ്പിന് ഉത്തരവാദിയായ ഗ്രാമമുഖ്യന്‍ സമാജ് വാദി പാര്‍ട്ടി അംഗമാണെന്നും അയാളുടെ സഹോദരന്‍ മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അംഗമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും പത്തുപേരാണ് കൊല്ലപ്പെട്ടത്. 24 പേര്‍ക്ക് പരിക്കേറ്റു. ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് കര്‍ഷകര്‍ക്കുനേരെ വെടിവെപ്പ് നടത്തിയത്.