ന്യൂദൽഹി- ഇന്ത്യയിലുടനീളം ആക്രമണം നടത്താനും ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാനും പദ്ധതിയിട്ടെന്നാരോപിച്ച് ദൽഹി പോലീസ് പിടികൂടിയ ‘തീവ്രവാദി’കളില്‍ നാലുപേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വെറുതെവിട്ടു. ആറു മാസത്തെ തടവിന് ശേഷമാണു കേസിൽ പ്രതി ചേർക്കപ്പെട്ടവരിൽ നാല് മുസ്‌ലിം യുവാക്കളെ ദേശീയ അന്വേഷണ ഏജൻസി കുറ്റവിമുക്തരാക്കിയത്. സംഭവത്തിൽ മതിയായ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് ജയിലിലടക്കപ്പെട്ട മുഹമ്മദ് ഇർഷാദ്, റഈസ് അഹമ്മദ്, സയീദ് മാലിക്, മുഹമ്മദ് അസം എന്നീ യുവാക്കളെയാണ് ആറു മാസത്തെ ജയിൽ വാസത്തിനു ശേഷം എൻ ഐ എ വിട്ടയച്ചത്. ഐ എസ് സ്വാധീനം ഉണ്ടാക്കാനായി ശ്രമം നടത്തുകയും വിവിധയിടങ്ങളിൽ സ്‌ഫോടനങ്ങൾ നടത്തുകയും ചെയ്‌തെന്ന കേസിൽ കഴിഞ്ഞ വർഷം അറസ്‌റ്റ് ഇവർക്കെതിരെ എൻ ഐ എ ക്കു തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മുതിർന്ന ഗവൺമെൻറ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിരപരാധികളെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടവർ പിടിക്കപ്പെടുമ്പോൾ വിവിധ സ്ഥലങ്ങളിൽ ഇവരുടെ തൊഴിലിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ എൻ എ എ അറസ്റ്റു ചെയ്യുമ്പോൾ യു പി സ്വദേശിയായ ഇർഷാദ് ഓട്ടോറിക്ഷ ഡ്രൈവറായും അഹമദ് ഒരു വെൽഡിങ് കടയിലും ജോലി ചെയ്യുകയായിരുന്നു. കിഴക്കൻ ദില്ലിയിൽ മെഡിക്കൽ സ്‌റ്റോർ നടത്തുകയായിരുന്നു അസം. ഇതേ പ്രദേശത്തെ മാലിക് ഇതേ സമയം വീട്ടിലായിരുന്നു. തുടർന്നു ഡിസംബർ അവസാനം പിടികൂടിയ മറ്റു പത്തംഗ സംഘത്തിലെ മുഹമ്മദ് സുഹൈലിന് സ്‌ഫോടക വസ്‌തുക്കൾ ഒളിപ്പിക്കാനുള്ള സംവിധാനം നിർമിക്കുകയായിരുന്നു ഇർഷാദെന്നും അഹമ്മദും സഹോദരൻ സഈദും 25 കിലോയോളം സ്‌ഫോടക വസ്‌തുക്കൾ സംഭരിക്കുകയായിരുന്നുവെന്നും അസം ആയുധങ്ങൾ ഉണ്ടാക്കാനും സഹായിച്ചു എന്നും വ്യക്തമാക്കി എൻ എ ഐ പത്രകുറിപ്പും ഇറക്കിയിരുന്നു.
അതേസമയം, മറ്റു പത്ത് പേർക്കെതിരെ അന്വേഷണം തുടരുകയാണെന്നും ദില്ലിയിലെ പാട്യാലയിലെ സ്‌പെഷ്യൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെന്നും എൻ ഐ എ പറഞ്ഞു. നൂറു മീറ്റർ അപ്പുറത്ത് നിന്നു വരെ റിമോട്ട് കൺഡ്രോളിൽ പ്രവർത്തിപ്പിക്കുന്ന സ്‌ഫോടക വസ്‌തുക്കൾ നിർമ്മിക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പ്രതികളിൽ രണ്ടു പേർ സ്‌ഫോടന ശേഷം പുറത്തു വിടാനായി വീഡിയോ നിർമ്മിച്ചിരുന്നതായും എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നുണ്ട്. മുഫ്‌തി മുഹമ്മദ് സുഹൈൽ (30), എം അനസ് യൂനുസ് (21), സുബൈർ മാലിക് (22), റാഷിദ് സഫർ റഖ് (24), മുഹമ്മദ് സാഖിബ് (26), അബ്‌സാർ സഈദ് (24), മുഹമ്മദ് ഗുഫ്രാൻ (25), മുഹമ്മദ് ഫായിസ് (25), നഈം ചൗധരി (22) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
.