ന്യൂദൽഹി- സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി. രാജയെ തെരഞ്ഞെടുത്തു. പാർട്ടി ദേശീയ കൗൺസിലാണ് രാജയെ ജനറൽ സെക്രട്ടറിയാക്കി പ്രഖ്യാപനം നടത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് ഒരു ദളിത് നേതാവെത്തുന്നത് ഇതാദ്യമാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതൽ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. രാജയുടെ രാജ്യസഭാംഗത്വം ഈമാസം 24നു അവസാനിക്കും.
എ.ഐ.ടി.യു.സി സെക്രട്ടറി അമർജീത് കൗറിനെ ജനറൽ സെക്രട്ടറിയാക്കണമെന്നായിരുന്നു കേരളം, തമിഴ്‌നാട്, പഞ്ചാബ് ഘടകങ്ങളുടെ താത്പര്യമെങ്കിലും ഭിന്നതകൾ ഒഴിവാക്കണമെന്ന സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയുടെ നിർദേശത്തിനു വഴങ്ങുകയായിരുന്നു. കേരളാ ഘടകത്തിന്റെ പ്രത്യേക താത്പര്യത്തിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരാൻ കഴിഞ്ഞവർഷം റെഡ്ഢി സമ്മതിച്ചത്. ജെ.എൻ.യു സമരനേതാവ് കനയ്യ കുമാറിനെ പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി. പാർട്ടി പ്രസിദ്ധീകരണമായ ന്യൂ ഏജിന്റെ ചീഫ് എഡിറ്ററായി ബിനോയ് വിശ്വത്തെ നിയോഗിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി പദത്തിൽ നിന്നുള്ള രാജി സന്നദ്ധത റെഡ്ഢി അറിയിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 2012ലായിരുന്നു റെഡ്ഢി ജനറൽ സെക്രട്ടറി പദവിയിലെത്തിയത്.