മനില- ഫിലിപ്പൈൻസ് ഡെങ്കിപ്പനി ഭീതിയിലെന്നു റിപ്പോർട്ടുകൾ. ഈ വർഷം ഇത് വരെയായി ഡെങ്കിപ്പനി മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 491 ആയി ഉയർന്നു. ഇതിൽ ഏറെയും കുട്ടികളാണ്. 2018 നെക്കാളും 46 ശതമാനം ഉയർച്ചയാണിതെന്നു ആരോഗ്യ മേഖലയിലുള്ളവർ പറഞ്ഞു. ഈ വർഷം ഏകദേശം ഓരോ മാസവും മരണപ്പെടുന്നത് 70 പേരാണെന്നാണ് കണക്കുകൾ. സംഭവത്തെ തുടർന്ന് ഫിലിപ്പൈൻസ് ആരോഗ്യ വകുപ്പ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗം പടർന്നു പിടിക്കുന്ന അഞ്ചു പ്രവിശ്യകളിലാണ് ആരോഗ്യ അടിയന്തിരാവസ്ഥ . രോഗത്തെ കുറിച്ചും പകർച്ചവ്യാധിയെ കുറിച്ചും ജനങ്ങൾക്ക് അടിയന്തിര ഉദ്‌ബോധനം നൽകാനുള്ള തീരുമാനവും അതികൃതർ കൈക്കൊണ്ടിട്ടുണ്ട് കഴിഞ്ഞ വർഷം രാജ്യത്ത് 336 പേരാണ് ഡെങ്കിപ്പനി മൂലം മരിച്ചത്. എന്നാൽ ഈ വർഷം ഏഴു മാസത്തിനുള്ളിൽ തന്നെ മരിച്ചവരുടെ എണ്ണവും ഇതിനേക്കാൾ 155 എണ്ണം അധികമാണ്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതിലും ദേശീയ തലത്തിൽ 22 ശതമാനം അധികമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.