മുംബൈ- മുംബൈയിൽ ട്രെയിൻ അപകടങ്ങളിൽ ഒറ്റ ദിനം പൊലിഞ്ഞത് 15 ജീവനുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വ്യത്യസ്‍ത സംഭവങ്ങളിലാണ് ഇത്രയും പേർ ഒറ്റ ദിവസം മരണപ്പെട്ടതെന്നു പോലീസ് വക്താവ് എസ് ആർ ഗാന്ധി അറിയിച്ചു. അനധികൃതമായി റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചാണ് ചിലർ മരിച്ചതെന്നും തിങ്ങി നിറഞ്ഞ ട്രയിനിൽ വീണ്ടും അള്ളിപ്പിടിച്ച് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ വീഴ്ച്ചയിലാണ് മറ്റു ചിലർ മരിച്ചതെന്നും പോലീസ് അറിയിച്ചു. വ്യത്യസ്‌ത സംഭവങ്ങളിൽ പതിമൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. കുറുക്കു വഴികൾ തേടുന്നതാണ് ട്രെയിൻ അപകടത്തിൽ പെടാൻ കാരണമെന്നു പോലീസ് പറഞ്ഞു. നിരവധിയാളുകളാണ് കുറുക്കു വഴികളിലൂടെ കാര്യം സാധിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങളിലേക്കാണ് എത്തിക്കുന്നതിനും എസ് ആർ ഗാന്ധി പറഞ്ഞു.
അനധികൃതമായി പാളം മുറിച്ചു കടക്കൽ, ട്രെയിനിൽ നിന്നും വഴുതിവീഴൽ തുടങ്ങി വ്യത്യസ്‌ത അപകടങ്ങളിലായി ദിനേന പത്ത് മരണങ്ങളെങ്കിലും മുംബൈയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യൻ റെയിൽവേ കണക്കുകൾ പ്രകാരം 2015 മുതൽ 2017 വരെയുള്ള രണ്ടു വർഷക്കാലയളവിൽ 50,000 ആളുകളാണ് ട്രെയിൻ അപകടങ്ങളിൽ ഇവിടെ മരിച്ചത്. ഇക്കഴിഞ്ഞ മെയിൽ സെൽഫിയെടുക്കുന്നതിടെ ഹരിയാനയിൽ രണ്ടു യുവാക്കൾ മരിച്ചിരുന്നു. ദിനംപ്രതി 24 മില്യൺ ആളുകളാണ് ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ.