ന്യൂദൽഹി- ദൽഹിയിൽ അറുന്നൂറ് കോടി രൂപയുടെ മയക്കുമരുന്നുമായി വിദേശികളടക്കം അഞ്ചു പേരെ നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. അന്താരാഷ്‌ട്ര മാർക്കറ്റിൽ 600 കോടി വരുന്ന 150 കിലോ അഫ്‌ഗാൻ ഹെറോയിനുമായി രണ്ടു അഫ്‌ഗാൻ പൗരന്മാരുൾപ്പെടുന്ന സംഘമാണ് പിടിയിലായത്. അറസ്‌റ്റു ചെയ്യപ്പെട്ടവരിൽ രണ്ടു പേർ കെമിക്കൽ,മെക്കാനിക്കൽ വിദഗ്ദ്ധരാണ്. ആഢംബര വാഹനങ്ങളും സംഘത്തിൽ നിന്നും പിടിച്ചെടുത്തു. വെള്ളിയാഴ്ച്ചയാണ് ഹോളിവുഡ് സിനിമകളെപോലും വെല്ലുന്ന രീതിയിലുള്ള മയക്കുമരുന്നു കടത്ത് മാർഗം കണ്ടെത്തിയ സംഭവം. ദൽഹിയിലെ ഏറ്റവും വലിയ മരുന്ന് വേട്ടയായ സംഭവത്തിൽ അന്താരാഷ്‌ട്ര മയക്കുമരുന്ന് ലോബികളുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. മയക്കു മരുന്ന് വിപണനത്തിനായി ദൽഹിയിൽ വൻ സൗകര്യങ്ങളോടെ ഒരു ഫാക്റ്ററി തന്നെ നിർമ്മിക്കാനുള്ള സംഘത്തിന്റെ ലക്ഷ്യവും ഇതോടെ പുറത്തായതയായി ദൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മനീഷി ചന്ദ്ര വ്യക്തമാക്കി.
അഫ്‌ഗാനിൽ നിന്നും ജീരകമുൾപ്പെടയുള്ള അവശ്യ വസ്‌തുക്കൾ കടത്തുന്ന ചണ ചാക്കുകളിൽ പ്രത്യേകം പൗഡറാക്കി പൊതിഞ്ഞാണ് സംഘം ലഹരി ദൽഹിയിൽ എത്തിച്ചിരുന്നത്. പിന്നീട് ഇവിടെയെത്തിയ ശേഷം ഹെറോയിൻ പൗഡർ ഉൾക്കൊള്ളുന്ന ചാക്കുകൾ പ്രത്യേക സംസ്‌കരണം നടത്തിയാണ് മയക്കുമരുന്ന് വേർതിരിച്ചെടുക്കുന്നതെന്നു പോലീസ് പറഞ്ഞു. ഈ പ്രക്രിയകൾക്കാണ് കെമിക്കൽ വിദഗ്ദ്ധർ ഉൾപ്പെട്ടിരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഏറെ ദിവസത്തെ കഠിന ശ്രമങ്ങൾക്കൊടുവിലാണ് സംഘത്തെ മയക്കു മരുന്ന് വേർതിച്ചെടുക്കാനുള്ള ഫാക്റ്ററിയടക്കം കണ്ടെത്തിയത്. ധീരജ്, റഈസ് എന്നിവരെ രണ്ടു വ്യത്യസ്‌ത കാറുകളിലായി പോകുന്നതിനിടെ അറുപത് കിലോയോളം തൂക്കം വരുന്ന മയക്കുമരുന്നുമായി പിടികൂടി ചോദ്യം ചെയ്‌തതോടെയാണ് സാക്കിർ നഗറിൽ വെച്ച് അഫ്‌ഗാൻ പൗരന്മാരയായ ഷിൻവാരി റഹ്മത്ത് ഗുൽ അക്തർ മുഹമ്മദ് ഷിൻവാരി എന്നിവരെയും മയക്കുമരുന്ന് കാറിൽ കയറ്റുന്നതിനിടെ വകീൽ അഹമ്മദിനെയും ഇതിനായി ഫാക്റ്ററി വരെ നിർമ്മിക്കാനുള്ള കേന്ദ്രവും കണ്ടെത്തിയത്. അഫ്‌ഗാൻ ഹെറോയിനായി സംസ്‌കരിച്ചെടുക്കാനുള്ള 60 കിലോ വസ്‌തുക്കളും പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ടു ഓട്ടോമാറ്റിക് പിസ്റ്റളുകൾ, വിവിധ കമ്പനികളുടെ നാലു ലക്ഷ്വറി കാറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.