Sorry, you need to enable JavaScript to visit this website.

അമ്മായിയപ്പനെ അടിമയാക്കിയ ജപ്പാനോട് വിദ്വേഷം; കൊറിയക്കാരന്‍ ജീവനൊടുക്കി

സിയോള്‍- ദക്ഷിണ കൊറിയയിലെ ജപ്പാന്‍ എംബസിക്ക് മുന്നില്‍ 78 കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊറിയയും ജപ്പാനും തമ്മിലുള്ള വ്യാപാര, രാഷ്ട്രീയ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് കൊറിയക്കാരന്റെ ആത്മഹത്യ.
പുലര്‍ച്ചെ 3.24 ന് എംബസി കെട്ടത്തിനു സമീപമെത്തിയ കിം എന്നയാള്‍  പ്രവേശന കവാടത്തിന് മുന്നില്‍ വെച്ച് സ്വന്തം കാറില്‍ തിയിടുകയായിരുന്നു. കാറിനകത്ത് ബ്യൂട്ടെയ്ന്‍ ഗ്യാസ് ഉള്‍പ്പെടെ കത്തുന്ന വസ്തുക്കള്‍ കണ്ടെത്തിയതായി പോലീസിനെ ഉദ്ധരിച്ച് യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
10 മിനിറ്റിനുള്ളില്‍ തീ കെടുത്തിയെന്നും പൊള്ളലേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.  
പരിചയക്കാരനില്‍നിന്ന് കടം വാങ്ങിയ കാറുമായാണ് കിം വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങി എംബസിയിലെത്തിയത്.
ജപ്പാനോടുള്ള വിരോധം പ്രകടിപ്പിക്കാനാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാള്‍ സുഹൃത്തുക്കളോട് ഫോണില്‍ പറഞ്ഞതായി വിവരമുണ്ടെന്ന് പോലീസ് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇയാളുടെ ഭാര്യാപിതാവിനെ ജോലി ചെയ്യുന്നതിനായി ബലംപ്രയോഗിച്ച് ജപ്പാനിലേക്ക് കൊണ്ടുപോയിരുന്നതായി  കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു.
1910 മുതല്‍ 1945 വരെ കൊറിയന്‍ ഉപദ്വീപില്‍ ഭരണം നടത്തിയ ജപ്പാന്‍  അക്കാലത്ത് ദശലക്ഷക്കണക്കിന് കൊറിയക്കാരെ അടിമവേലക്കായി ജപ്പാനിലേക്ക് കൊണ്ടുപോയതായി ചരിത്രകാരന്മാര്‍ പറയുന്നു.
മെമ്മറി ചിപ്പുകളും ഡിസ്‌പ്ലേ പാനലുകളും നിര്‍മിക്കാന്‍ അത്യാവശ്യമായ വസ്തുക്കളുടെ ദക്ഷിണ കൊറിയയിലേക്കുള്ള  കയറ്റുമതി ജപ്പാന്‍ കര്‍ശനമായി നിയന്ത്രിച്ചതോടെയാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരതര്‍ക്കം രൂക്ഷമായത്. സാങ്കേതിക മേഖലയിലെ ദക്ഷിണകൊറിയന്‍ വ്യവസായങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണ് ജപ്പാന്റെ തീരുമാനം.  
അടിമവേലക്കിരയായ ദക്ഷിണ കൊറിയക്കാര്‍ക്ക്  നഷ്ടപരിഹാരം നല്‍കാന്‍ നിപ്പണ്‍ സ്റ്റീല്‍, മിത്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് എന്നിവയുള്‍പ്പെടെയുള്ള ജപ്പാന്‍ കമ്പനികള്‍ തയാറാകണമെന്ന്  ദക്ഷിണ കൊറിയയിലെ പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയില്‍ പ്രതിഷേധിച്ചാണ് ജപ്പാന്‍ കയറ്റുമതി നിയന്ത്രണം പ്രഖ്യാപിച്ചത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് അടിമ വേലക്ക് നിര്‍ബന്ധിതമായ തൊഴിലാളികളെ സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനുള്ള പാനലില്‍ ചേരാന്‍ വിസമ്മതിക്കുന്ന ദക്ഷിണ കൊറിയ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്ന്
ജപ്പാന്‍ വിദേശകാര്യ മന്ത്രി ടാരോ കൊനോ ദക്ഷിണ കൊറിയയുടെ അംബാസഡറെ വിളിച്ചുവരുത്തി ആരോപിച്ചു.
അടിമത്തൊഴിലിന് ഇരയായവര്‍ക്ക്  നഷ്ടപരിഹാരം നല്‍കാന്‍ ജപ്പാന്‍ കമ്പനികള്‍ തയാറാകണമെന്ന ദക്ഷിണ കൊറിയന്‍ കോടതി ഉത്തരവിനുപിന്നാലെ പ്രശ്‌ന പരിഹാരത്തിനായി ത്രിരാഷ്ട്ര സമിതി രൂപീകരിക്കണമെന്ന നിര്‍ദേശം ജപ്പാന്‍ മുന്നോട്ടുവെച്ചിരുന്നു.  
ജപ്പാന്‍ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമായ നടപടികള്‍ ദക്ഷിണ കൊറിയ സ്വീകരിച്ചാല്‍  അവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രി ടാരോ കൊനോ കൊറിയന്‍ അംബാസഡര്‍ നാം ഗ്വാന്‍പിയോട് പറഞ്ഞു.  
ജപ്പാന്‍ കമ്പനികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പോലും കഴിയുന്ന കോടതി വിധി തടയാന്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ജപ്പാന്‍ വിദേശ മന്ത്രി കൊറിയയോട് ആവശ്യപ്പെട്ടു.

 

Latest News